
ബെയ്‌ജിങ് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ചൈന സന്ദർശനത്തിനായി പുറപ്പെട്ടു. പ്രത്യേക ട്രെയിനിൽ ബെയ്‌ജിങ്ങിലെത്തുന്ന കിം ജോങ് ഉൻ സൈനിക പരേഡിൽ പങ്കെടുക്കും. ചെനീസ് പ്രസിഡൻ്റ് ഷി ചിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ തുടങ്ങിയ ലോകനേതാക്കളുമായി വേദി പങ്കിടും. റഷ്യയുമായും ചൈനയുമായുമുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള അവസരമായി സന്ദർശനത്തെ ഉപയോഗിക്കുമെന്നാണു റിപ്പോർട്ടുകൾ.
രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതിൻ്റെ 80-ാം വാർഷികത്തിന്റെ ഭാഗമായി ബെയ്ജിങ്ങിൽ നടക്കുന്ന പരേഡിൽ മ്യാന്മർ, ഇറാൻ, ക്യൂബ തുടങ്ങി 26 രാഷ്ട്രത്തലവന്മാർ പങ്കെടുക്കുന്നുണ്ട്. അപൂർവമായി മാത്രമാണു ഉത്തരകൊറിയൻ നേതാവ് വിദേശ സന്ദർശനങ്ങൾ നടത്താറുള്ളത്. 2023ൽ റഷ്യയിലെത്തി പുട്ടിനെ കണ്ടതാണു കിം ജോങ് ഉന്നിൻ്റെ അവസാന വിദേശ സന്ദർശനം. 2019ലാണ് അവസാനമായി ചൈന സന്ദർശിച്ചത്.
പ്രത്യേക സുരക്ഷാ സംവിധാനങ്ങളോടെയുള്ള ട്രെയിനിലാണ് കിമ്മിന്റെ യാത്ര. കുറഞ്ഞ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിൻ 24 മണിക്കൂറെടുത്താണു ബെയ്‌ജിങ്ങിലെത്തുകയെന്നു ദക്ഷിണ കൊറിയൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. സാധാരണയായി ചൈനീസ് സൈനിക പരേഡുകളിൽ പങ്കെടുക്കാൻ ഉത്തര കൊറിയ പ്രതിനിധികളെയാണ് അയക്കാറുള്ളത്. 1959നു ശേഷം ആദ്യമായാണ് ഉത്തര കൊറിയൻ രാഷ്ട്രത്തലവൻ ചൈനയിൽ സൈനിക പരേഡിന്റെ ഭാഗമാകുന്നത്.
















© Copyright 2025. All Rights Reserved