ദില്ലി: ജമ്മുകശ്മീരിൽ ഭീകരർക്കതിരെ നടപടി കടുപ്പിച്ച് ഓപ്പറേഷൻ ത്രാഷിയുമായി സുരക്ഷസേന. കിഷ്ത്വാറിൽ സുരക്ഷസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. കിഷ്ത്വാറിലെ സിങ്പ്പോരയിലെ വനമേഖലയിൽ നാല് ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന് നടത്തിയ തെരച്ചിലാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. അതേസമയം ജമ്മു കശ്മീരിലെ സുരക്ഷവിലയിരുത്തിയ സൈന്യവും പൊലീസും രാജ്യവിരുദ്ധപ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി.
ചാത്രൂ മേഖലയിലെ സിങ്പ്പോര പ്രദേശത്താണ് നാല് ഭീകരരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന് സുരക്ഷസേന തെരച്ചിലിൽ തുടങ്ങിയത്. പ്രദേശം സുരക്ഷാസേന വളഞ്ഞതോടെ നാല് ഭീകരർ സുരക്ഷസേനയ്ക്ക് നേരെ വെടിവെക്കുകയായിരുന്നു. നാല് ഭീകരരും ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് അംഗങ്ങളാണെന്നാണ് വിവരം. സ്ഥലത്തേക്ക് കൂടുതൽ സേനയെ വിന്യസിച്ചു. ഈ മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സെയ്ഫുള്ള, ഫർമാൻ, ആദിൽ ഉൾപ്പെടെയുള്ള ഭീകരരെയാണ് സൈന്യം വളഞ്ഞതെന്നാണ് വിവരം. എന്നാൽ കൊല്ലപ്പെട്ട ഭീകരരെ തിരിച്ചിറിഞ്ഞിട്ടില്ല. ഇവരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം ജമ്മു കശ്മീർ പൊലീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അതേസമയം അതിർത്തി പ്രദേശങ്ങളിലെ സുരക്ഷ വിലയിരുത്തിയ കരേസനയും ജമ്മു കശ്മീർ പൊലീസും അതിർത്തി വഴിയുള്ള രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി. നിയന്ത്രണരേഖ പ്രദേശത്ത് നിന്നുള്ള നുഴഞ്ഞുകയറ്റം കർശനമായി തടയാനുള്ള നടപടികളിലാണ് സൈന്യം. ഇതിനായുള്ള തയ്യാറെടുപ്പുകൾ വടക്കൻ കമാൻഡർ ലഫ് ജനറൽ പ്രതീഖ് ശർമ്മയുടെ നേത്ൃത്വത്തിൽ വിലയിരുത്തി. അമർനാഥ് യാത്രയ്ക്കായി പഴുതടച്ച സുരക്ഷ ഉറപ്പാക്കാനാണ് കേന്ദ്ര നിർദ്ദേശം. ഇതിനായി കൂടുതൽ അർധസൈനികരെ കശ്മീർ മേഖലയിലടക്കം വിന്യസിക്കും.
© Copyright 2024. All Rights Reserved