
ഖാര്‍ത്തൂം: ആഭ്യന്തര കലഹവും കൂട്ടക്കൊലകളും തുടരുന്ന സുഡാനിൽ അതിഭീകര സാഹചര്യമെന്ന് ഐക്യരാഷ്ട്ര സഭ. സായുധ സംഘമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് (ആർഎസ്എഫ്) ആയിരക്കണക്കിന് നിരപരാധികളെ നിരത്തി നിർത്തി വെടിവെച്ച് കൊല്ലുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കുട്ടികളടക്കം 2000ത്തോളം പേരെ നിരത്തി നിർത്തി കൂട്ടക്കൊല ചെയ്യുന്ന കൂട്ടക്കിരുതിയുടെ നടുക്കുന്ന അതിഭീകര ദൃശ്യങ്ങൾ പുറത്ത് വന്നിട്ടും ലോക രാജ്യങ്ങൾ മൗനം പാലിക്കുകയാണ്. രാജ്യത്തിന്റെ അധികാരം പിടിയ്ക്കാൻ പൊരുതുന്ന തീവ്ര സായുധ സംഘങ്ങൾ നിരപരാധികളെ കൊന്നൊടുക്കുമ്പോൾ പ്രാണ രക്ഷാർത്ഥം പതിനായിരങ്ങളാണ് രാജ്യത്ത് നിന്നും പലായനം ചെയ്യുന്നത്.
അഞ്ച് കോടി ജനങ്ങളുള്ള ആഫ്രിക്കൻ രാജ്യമായ സുഡാനിൽ അധികാരം പിടിക്കാനായി രണ്ട് സായുധ സംഘങ്ങളുടെ ഏറ്റുമുട്ടലാണ് കഴിഞ്ഞ ഒരു വർഷമായി നടന്നു വരുന്നത്. സുഡാൻ സായുധ സേനയും, റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് എന്ന സംഘടനയും തമ്മിലാണ് അധികാരത്തിനായി പോരടിക്കുന്നത്. സുഡാൻ സായുധ സേനയുടെ കൈവശമുണ്ടായിരുന്ന എല്‍ ഫാഷര്‍ പ്രദേശത്തെ സൈന്യത്തിന്റെ ശക്തികേന്ദ്രം ആർഎസ്എഫ് പിടിച്ചെടുത്തതോടെയാണ് വീണ്ടും ഏറ്റുമുട്ടൽ ശക്തമായത്. കഴിഞ്ഞ ഞായറാഴ്ചയാണ് പതിനെട്ടുമാസത്തോളം നീണ്ട ആക്രമണത്തിന് പിന്നാലെ എല്‍ ഫാഷറിനെ ആര്‍എസ്എഫ് പിടിച്ചെടുത്തത്. ഇതിന് പിന്നാലെയാണ് നൂറുകണക്കിനാളുകളെ കൊന്നൊടുക്കിയ ക്രൂരത അരങ്ങേറിയത്.
കഴിഞ്ഞ ദിവസം വിമത സേനയായ ആർഎസ്‌എഫ് (റാപ്പിഡ് സപ്പോർട്ട് ഫോഴ്സ്) പിടിച്ചടക്കിയ പടിഞ്ഞാറൻ ഡാർഫർ മേഖലയിലെ ആശുപത്രിയിൽ 460 ൽ അധികം ആളുകളെ കൂട്ടക്കൊല ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നു. യുഎൻ ആരോഗ്യ ഏജൻസിയാണ് വിവരം പുറത്തുവിട്ടത്. അൽ-ഫാഷറിലെ സൗദി മെറ്റേണിറ്റി ആശുപത്രിയിൽ 460 രോഗികളെയും കൂട്ടിരിപ്പുകാരെയും കൊലപ്പെടുത്തിയതായി റിപ്പോർട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. നഗരത്തിൽ പുരുഷന്മാരെയും സ്ത്രീകളെയും വേർതിരിച്ച് നിർത്തി, പുരുഷന്മാരെ കൂട്ടത്തോടെ വെടിവെച്ച് കൊലപ്പെടുത്തിയെന്നും പറയുന്നു.
ആര്‍എസ്എഫ് നേരത്തേയും നിരവധി വംശഹത്യ നടത്തിയ ഇരുണ്ട ചരിത്രമുള്ള സംഘടനയാണ്. പിടിച്ചെടുത്ത സ്ഥലങ്ങളിലെ ന്യൂനപക്ഷങ്ങളെയും എതിർത്ത് നിൽക്കുന്നവരേയും നിരത്തി നിർത്തി ക്രൂരമായി വെടിവെച്ച് കൊലപ്പെടുത്തുന്നത് നിരവധി തവണ സംഭവിച്ചിട്ടുണ്ട്. 90 ശതമാനം സുഡാനീസ് അറബ് വംശജരാണ് സുഡാനിലുള്ളത്. ബാക്കി 5 ശതമാനം ക്രിസ്തുമത വിശ്വാസികളും, 5 ശതമാനം പ്രാദേശിക വംശീയ വിഭാഗമാണ്. ഇതിൽ തങ്ങൾക്കെതിരെ നിൽക്കുന്ന കുട്ടികളും സ്ത്രീകളുമടക്കമുള്ളവരെ നിരത്തി നിർത്തി വെടിവെച്ച് കൊന്ന ശേഷം ഒരുമിച്ച് കുഴിച്ചിട്ടു എന്നാണ് വാർത്തകൾ. യു എൻ ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. കൊടും ക്രൂരത അരങ്ങേറിയിട്ടും ലോക രാജ്യങ്ങൾ പ്രതികരിച്ചിട്ടില്ല.
















© Copyright 2025. All Rights Reserved