
ലണ്ടൻ കുട്ടികൾക്കെതിരെ ബലാത്സംഗം ഉൾപ്പെടെ ലൈംഗികാതിക്രമങ്ങൾ നടത്തിയ ഇന്ത്യൻ വംശജരായ സഹോദരങ്ങൾക്ക് യുകെ കോടതി തടവുശിക്ഷ വിധിച്ചു. വിജ് പട്ടേൽ (26) എന്നയാൾക്ക് 22 വർഷവും സഹോദരൻ കിഷൻ പട്ടേലിന് 15 മാസവുമാണ് തടവു വിധിച്ചത്.
2018ലാണ് കേസിനാസ്‌പദമായ സംഭവങ്ങൾ. വിജ് പട്ടേൽ നിരവധി കുട്ടികളെ ബലാത്സംഗം ചെയ്‌തതിന്റെയും ലൈംഗികാതിക്രമങ്ങൾ നടത്തിയതിന്റെയും തെളിവുകൾ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കുട്ടികൾക്കു പുറമേ യുവതികളെയും ഇയാൾ ലൈംഗികാതിക്രമത്തിന് വിധേയരാക്കിയിട്ടുണ്ട്. കുട്ടികളുടെ നിരവധി അശ്ലീല ദൃശ്യങ്ങളും ഇയാളിൽ നിന്നു കണ്ടെടുത്തു.
കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ ചിത്രീകരിച്ചതിനും കൈവശംവെച്ചതിനുമാണ് സഹോദരൻ കിഷൻ പട്ടേലിനെ ശിക്ഷിച്ചത്. ഇയാൾ ദൃശ്യങ്ങൾ സൂക്ഷിച്ചുവച്ച ഉപകരണം കേടായത് നന്നാക്കാനായി കടയിൽ കൊടുത്തപ്പോൾ ദൃശ്യങ്ങൾ കടക്കാരുടെ ശ്രദ്ധയിൽപെടുകയും പൊലീസിൽ അറിയിക്കുകയുമായിരുന്നു. ഈ ദൃശ്യങ്ങളിലുള്ളത് വിജ് പട്ടേലാണെന്നും കണ്ടെത്തുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ കുറ്റകൃത്യങ്ങൾ തെളിഞ്ഞത്.
















© Copyright 2025. All Rights Reserved