കൈമാറ്റം കാത്ത്..; പ്രിയപ്പെട്ടവരുടെ മടങ്ങിവരവിനായി ഗാസ, ഇസ്രയേൽ

11/10/25

കയ്റോ. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിൽ തയാറാക്കിയ ഇസ്രയേൽ - ഹമാസ് വെടിനിർത്തൽ കരാറിൽ ഗാസ യുദ്ധം അവസാനിക്കുമ്പോൾ ഇസ്രയേലിലും പലസ്തീനിലും ആശ്വാസത്തിൻ്റെ കാറ്റുവീശുകയാണ്. ഇപ്പോൾ നടപ്പാക്കുന്ന കരാറിൻ്റെ ആദ്യഘട്ടമായ ആക്രമണം അവസാനിപ്പിക്കലും ബന്ദികളുടെയും തടവുകാരുടെയും കൈമാറ്റവും മാറ്റിനിർത്തിയാൽ പല കാര്യങ്ങളിലും അവ്യക്‌തതയുണ്ട്. നാളെ ഈജിപ്തിൽ കരാർ ഔദ്യോഗികമായി ഒപ്പുവയ്ക്കുമ്പോൾ ഇക്കാര്യങ്ങളിൽ അന്തിമരൂപമാകുമോ എന്നു വ്യക്‌തമല്ല. ഇസ്രയേൽ മന്ത്രിസഭ ഇന്നലെ അംഗീകരിച്ച കരാറും രാജ്യാന്തര ചർച്ചകളിൽ പങ്കെടുത്ത ഹമാസ് പ്രതിനിധികളും നൽകുന്ന വിവരമനുസരിച്ച്, ഇന്നലെ പ്രാബല്യത്തിലായ വ്യവസ്‌ഥകൾ ഇങ്ങനെ.

വെടിനിർത്തൽ

കരാറിന് ഇസ്രയേൽ സർക്കാർ അംഗീകാരം നൽകുന്നതു മുതൽ 24 മണിക്കുറിനകം ആക്രമണങ്ങൾ അവസാനിപ്പിക്കും. പൊതുജനങ്ങളുമായുള്ള സംഘർഷം ഒഴിവാക്കുംവിധം, നിശ്ചിത പ്രദേശങ്ങളിൽ നിന്ന് ഇസ്രയേൽ സൈന്യം പിന്മാറും.

മോചനം

ഇസ്രയേൽ സൈന്യത്തിൻ്റെ പുനർവിന്യാസം നടന്ന് 72 മണിക്കുറിനകം 48 ബന്ദികളെ ഹമാസ് മോചിപ്പിക്കണം. ഇവരിൽ 20 പേർ ജീവനോടെയുണ്ടെന്നും 2 പേരെ കാണാനില്ലെന്നുമാണ് വിവരം.. മറ്റുള്ളവരുടെ മൃതദേഹങ്ങൾ വിട്ടുനൽകണം. ഇസ്രയേൽ ജയിലുകളിലുള്ള മുഴുവൻ തടവുകാരുടെയും പട്ടിക പ്രസിദ്ധീകരിക്കണം. ബന്ദിമോചനത്തിനു പിന്നാലെ ഹമാസ് ആവശ്യപ്പെട്ട 250 തടവുകാരെ മോചിപ്പിക്കണം. അതിനു പുറമേ, 2 വർഷത്തെ ആക്രമണത്തിനിടെ പിടികൂടിയ 1700 മുതിർന്നവരെയും 22 കുട്ടികളെയും വിട്ടയയ്ക്കണം. 360 ഹമാസ് അംഗങ്ങളുടെ മൃതദേഹങ്ങൾ കൈമാറണം. ഇസ്രയേൽ ജയിലുകളിലുള്ള എല്ലാ പലസ്തീൻ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കണമെന്ന് വ്യവസ്ഥയുണ്ടെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്.
ഇസ്രയേൽ സൈനികരെ കൊലപ്പെടുത്തിയ കേസിൽ തടവിലാക്കിയവരെ മോചിപ്പിക്കുകയോ മറ്റു രാജ്യങ്ങളിലേക്ക് നാടുകടത്തുകയോ ചെയ്യും. ഇവർക്ക് ഇസ്രയേലിലും വെസ്‌റ്റ് ബാങ്കിലും പ്രവേശന വിലക്ക്. ബന്ദികളെല്ലാം തിങ്കളാഴ്ചയോടെ തിരിച്ചെത്തുമെന്ന് ട്രംപ് സൂചിപ്പിച്ചിട്ടുണ്ട്.

ദുരിതാശ്വാസം

ഗാസയിലേക്ക് ദുരിതാശ്വാസ സഹായം കടത്തിവിടണം. ഗാസയുടെ തെക്ക് -വടക്ക് മേഖലകൾക്കിടയിലെ 2 പ്രധാന റോഡുകൾ വഴി സഹായവാഹനങ്ങൾക്ക് സ്വതന്ത്രമായി പോകാൻ കഴിയണം. 600 ട്രക്കുകൾ ഓരോ ദിവസവും കടത്തിവിടുമെന്ന് ഇസ്രയേൽ ഭക്ഷണത്തിനും വൈദ്യസഹായത്തിനും പുറമേ, ജലവിതരണ, അഴുക്കുചാൽ അറ്റകുറ്റപ്പണികൾക്കുള്ള സാധനസാമഗ്രികളും എത്തിക്കും.

യാത്ര
ഗാസയിലുള്ളവർക്ക് റഫ അതിർത്തി വഴി ഈജിപ്തിലേക്കു പോകാം. ഇസ്രയേലിന്റെ അനുമതിയോടെ, യൂറോപ്യൻ യൂണിയന്റെ നിരീക്ഷണത്തിൽ ഈജിപ്‌തിന്റെ ഏകോപനത്തോടെയായിരിക്കും ഇത്. പോയവർക്ക് തിരികെ വരാൻ ഇസ്രയേൽ-ഈജിപ്ത് ധാരണയ്ക്കു ശേഷം അവസരം.
വീണടിഞ്ഞു, വീടുകൾ

ഗാസ സിറ്റി . ഗാസയിലായാലും വെസ്‌റ്റ് ബാങ്കിലായാലും വീടു വിട്ടിറങ്ങേണ്ടി വരുന്ന പലസ്‌തീൻകാർ താക്കോൽ ചരടിൽ കോർത്ത് മാലയായി അണിയും. ചിലർ അമൂല്യ വസ്‌തുവായി ചെപ്പിലടച്ചുവയ്ക്കും. എന്നെങ്കിലുമൊരിക്കൽ പഴയ വീട്ടിലേക്കു തിരിച്ചുവരുമെന്ന പ്രതീക്ഷയുടെ പ്രതീകമാണ് അവർക്ക് താക്കോൽ. ഇക്കഴിഞ്ഞ യുഎൻ പൊതുസഭാ സമ്മേളനത്തെ വിഡിയോ കോൺഫറൻസ് വഴി അഭിസംബോധന ചെയ്‌ത പലസ്ത‌ീൻ പ്രസിഡന്റ് മഹ്‌മുദ് അബ്ബാസിൻ്റെ കോട്ടിലും കുത്തിവച്ചിരുന്നു, ഒരു കുഞ്ഞുതാക്കോൽ. വെടിനിർത്തൽ കരാർ നിലവിൽവന്ന ശേഷം താക്കോലുമായി സ്വന്തം പ്രദേശത്തേക്കു തിരിച്ചെത്തുന്ന ഭൂരിഭാഗം പലസ്തീൻകാർക്കും പക്ഷേ വീടില്ല. കെട്ടിടങ്ങളെല്ലാം നിരപ്പാക്കിക്കളഞ്ഞ യുദ്ധമാണ് കഴിഞ്ഞ 2 വർഷമായി നടന്നത്.

എങ്കിലും സ്വന്തം നാട്ടിലേക്ക്, വീട് ഉണ്ടായിരുന്ന സ്‌ഥലത്തേക്ക് തിരിച്ചെത്തിയല്ലോ എന്ന ആശ്വാസത്തിലാണ് പലരും. കനത്ത ആക്രമണത്തിൽ വടക്കൻ ഗാസയിലെ പല സ്‌ഥലങ്ങളും നിരപ്പായ അവസ്‌ഥയിലാണ്. തെക്കൻ തീരത്തെ അഭയാർഥിമേഖലയിൽനിന്ന് പതിനായിരങ്ങളാണ് സ്വന്തം പ്രദേശങ്ങളിലേക്കു തിരിച്ചുപോകുന്നത്. ഗാസയിലെ ജനങ്ങളിൽ ഭൂരിഭാഗവും ടെന്റുകളിലാണ് കഴിയുന്നത്. പലർക്കും സ്വന്തം സ്‌ഥലത്തെത്തിയാലും അതിനു മാറ്റമുണ്ടാകാനിടയില്ല. വൈകാതെ എത്തുമെന്നു കരുതുന്ന ടെന്റുകളും സഹായവസ്‌തുക്കളുമാണ് പ്രതീക്ഷ.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu