കൊച്ചി: കൊച്ചിയുടെ പുറംകടലിൽ ചരക്ക് കപ്പൽ മുങ്ങിയ സംഭവത്തിലെ അന്വേഷണത്തിൽ സംസ്ഥാന സർക്കാരിന് മെല്ലെപ്പോക്കെന്ന് വിമർശനം. കപ്പലിന്‍റെ ഭാരസന്തുലനം നിശ്ചയിക്കുന്ന ബല്ലാസ്റ്റ് മാനേജ്മെന്‍റിലെ പാളിച്ചയാണ് അപകടത്തിന് കാരണമെന്ന് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങ് തന്നെ സമ്മതിച്ചിരുന്നു. കപ്പലിൽ ചരക്കുകയറ്റിയശേഷം ഭാര സന്തുലനത്തിനായി വെളളം നിറച്ച അദാനിയുടെ വിഴിഞ്ഞം തുറമുഖം കൂടി അന്വേഷണ പരിധിയിലേക്ക് വരുമെന്നതാണ് കേസെടുത്ത് മുന്നോട്ടുപോകാൻ സംസ്ഥാന സർക്കാരിനെ പിന്നോട്ട് വലിക്കുന്നതെന്നാണ് സൂചന. ഇതിനിടെ മുങ്ങിയ കപ്പലിലെ കണ്ടെയ്നറുകൾ പുറത്തെടുക്കാൻ ഡൈവിങ് സംഘം നാളെയെത്തും.
ചരക്കുകയറ്റിയശേഷം വെളളം നിറച്ചുള്ള ഭാരം സന്തുലനമാണ് വിഴിഞ്ഞത്ത് നിന്ന് ചരക്കെടുത്ത് കൊച്ചിയിലേക്ക് പുറപ്പെട്ട എം എസ് സി എൽസ 3 എന്ന ഫീഡർ കപ്പൽ മുങ്ങിയതിന്‍റെ കാരണമായി പറഞ്ഞത്. കടലിലൂടെ പോകുമ്പോൾ ചരക്കിന്‍റെ ഭാരം കൊണ്ട് കപ്പൽ ഏതെങ്കിലും ഒരു വശത്തേക്ക് ചെരിയുന്നത് തടയാനാണിത് ചെയ്യുന്നത്. ബല്ലാസ്റ്റ് മാനേജ്മെന്‍റ് എന്ന ഈ സംവിധാനത്തിലുണ്ടായ പിഴവാണ് കപ്പൽ മുങ്ങാൻ കാരണം. അതായത് കപ്പലിൽ ചരക്ക് കയറ്റി അവസാനം ഭാരസന്തുലനം നടത്തിയത് അടുത്തിടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച വിഴിഞ്ഞം തുറമുഖത്താണ്.
സാങ്കേതികമോ അല്ലെങ്കിൽ ഭാരസന്തുലനം പരിശോധിച്ചതിലെ അപാകതയോ ആണ് അപകട കാരണമെന്നായിരുന്നു വിലയിരുത്തൽ. ഇതോടെയാണ് കേസെടുത്ത് മുന്നോട്ട് പോകണമെന്നും അല്ലെങ്കിൽ മത്സ്യത്തൊഴിലാളികൾക്കം ഭാവിയിൽ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾക്ക് നഷ്ട പരിഹാരം കിട്ടില്ലെന്നും ആവശ്യമുയർന്നത്. സർക്കാർ എ.ജിയോട് നിയമോപദേശം തേടിയെങ്കിലും ഒന്നും നടന്നില്ല. ഇതോടെയാണ് സംസ്ഥാന സർക്കാരിന് ഇരട്ടത്താപ്പെന്ന വിമർശനമുയർന്നത്. സംസ്ഥാനത്തിന്‍റെ അധികാരപരിധിയിലുളള 12 നോട്ടിക്കൽ മൈലിന് പുറത്ത് നടന്ന അപകടമായതിനാലാണ് കേസെടുക്കാത്തതെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. എന്നാൽ എൻട്രിക്ക ലക്സി കേസിൽ 25 നോട്ടിക്കൽ മേൽ അകലെ നടന്ന സംഭവത്തിലാണ് കപ്പൽ തിരിച്ചുവിളിച്ച് കേസെടുത്തത്. മാത്രവുമല്ല കാൽസ്യം കാർബൈഡ് പോലെ പ്രഹര ശേഷിയുളള കേരള തീരത്ത് മുങ്ങിക്കിടക്കുമ്പോഴാണ് സർക്കാരിന്‍റെ മെല്ലെപ്പോക്ക്.
© Copyright 2024. All Rights Reserved