
മുംബൈ: സംസ്ഥാനത്തെ സ്മാരകങ്ങളുടെയും ക്ഷേത്രങ്ങളുടെയും സംരക്ഷണത്തിനും പുനരുദ്ധാരണത്തിനുമായി 2,954 കോടി രൂപയുടെ പദ്ധതികൾക്ക് മഹാരാഷ്ട്ര സർക്കാർ ബുധനാഴ്ച അംഗീകാരം നൽകി. പതിനെട്ടാം നൂറ്റാണ്ടിലെ യോദ്ധാവായ രാജ്ഞി അഹല്യദേവി ഹോൾക്കറുടെ ജന്മസ്ഥലമായ അഹല്യനഗറിലെ ചൗണ്ഡി ഗ്രാമത്തിൽ സ്മാരകം സംരക്ഷിക്കുന്നതിനായി 681.3 കോടി രൂപയുടെ വികസന പദ്ധതിക്കുള്ള അനുമതിയും ഇതിൽ ഉൾപ്പെടുന്നു. മെയ് ആറിന് അഹല്യനഗറിൽ നടന്ന മന്ത്രിസഭാ യോഗത്തിലാണ് പദ്ധതി പ്രഖ്യാപിച്ചത്. അഹല്യാദേവിയുടെ 300-ാം ജന്മവാർഷികത്തിന് മുന്നോടിയായാണ് പദ്ധതി പ്രഖ്യാപനം. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പണി പൂർത്തിയാക്കും.
സംസ്ഥാനത്തെ ഏഴ് പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾക്കായി 5,503 കോടി രൂപയുടെ വികസന പദ്ധതികൾക്കും അംഗീകാരം നൽകി. ഇതിൽ അഷ്ടവിനായക ക്ഷേത്രങ്ങൾക്ക് 147.8 കോടി രൂപയും, തുൾജാഭവാനി ക്ഷേത്ര പദ്ധതിക്ക് 1,865 കോടി രൂപയും, ജ്യോതിബ ക്ഷേത്ര പദ്ധതിക്ക് 259.6 കോടി രൂപയും, ത്രയംബകേശ്വർ ക്ഷേത്ര പദ്ധതിക്ക് 275 കോടി രൂപയും, മഹാലക്ഷ്മി മന്ദിർ പദ്ധതിക്ക് 1,445 കോടി രൂപയും, മഹുർഗഡ് വികസന പദ്ധതിക്ക് 829 കോടി രൂപയും അനുവദിച്ചു.
ബുധനാഴ്ച, ഏഴ് പദ്ധതികളിൽ നാലെണ്ണത്തിന് സർക്കാർ ഭരണാനുമതി നൽകി. ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനു പുറമേ, ഭക്തർക്ക് ലഭ്യമായ സൗകര്യങ്ങൾ വർദ്ധിപ്പിക്കുക എന്നതും വികസന പദ്ധതി ലക്ഷ്യമിടുന്നു. സംസ്ഥാനത്തെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് അഷ്ടവിനായക ക്ഷേത്രങ്ങൾ. 2027 മാർച്ച് 31-നകം പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. നേരത്തെ സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് അധികൃതർ പറഞ്ഞിരുന്നു.
















© Copyright 2025. All Rights Reserved