മനുഷ്യ ജീവിതം ദുസ്സഹമായ ഗസ്സയിലെ ക്രിസ്ത്യൻ സമൂഹത്തെ കുറിച്ചാണ് താൻ ചിന്തിക്കുന്നതെന്ന് ഫ്രാൻസിസ് മാർപാപ്പ. ക്രിസ്മസ് ദിനത്തിൽ റോമിലെ സെൻറ് പീറ്റേഴ്‌സ് ബസിലിക്കക്ക് മുന്നിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗസ്സയിൽ വെടിനിർത്തലിനും ബന്ദികളെ മോചിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
-------------------aud-------------------------------
യുദ്ധത്തിൽ തകർന്ന യുക്രെയ്നിൽ ആയുധങ്ങളുടെ ശബ്ദം നിലക്കട്ടെയെന്നും മാർപ്പാപ്പ പ്രത്യാശിച്ചു. ‘ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയും നീതിയും ശാശ്വതവുമായ സമാധാനം കൈവരിക്കാൻ കഴിയട്ടെ’ -എന്നും അദ്ദേഹം കൂടിച്ചേർത്തു. ക്രിസ്മസ് ദിനമായ ഇന്ന് രാവിലെ 170 മിസൈലുകളും ഡ്രോണുകളുമാണ് യുക്രെയ്നിന് നേരെ റഷ്യ അയച്ചത്. ദശലക്ഷക്കണക്കിന് ആളുകൾ പട്ടിണിയിൽ കഴിയുന്ന ആഭ്യന്തരയുദ്ധം തുടരുന്ന സുഡാനിലും സമാധാനം കൈവരിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ക്രൂരമായ ആക്രമണങ്ങളെ മാർപാപ്പ അപലപിച്ചു. “ഗസ്സയിൽ നടത്തുന്ന ക്രൂരതകളെ കുറിച്ച് ഞാൻ വേദനയോടെ ഓർക്കുന്നു... കുട്ടികളെ യന്ത്രത്തോക്കുകളാൽ കൊല്ലുന്നു. സ്കൂളുകളിലും ആശുപത്രികളിലും ബോംബാക്രമണം നടത്തുന്നു. എന്തൊരു ക്രൂരതയാണിത്...” -എന്നായിരുന്നു പ്രതിവാര പ്രാർത്ഥനക്ക് ശേഷം മാർപാപ്പ പറഞ്ഞത്. ഇസ്രായേൽ ഗസ്സയിൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുടുംബത്തിലെ ഏഴ് കുട്ടികൾ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു പാപ്പയുടെ പ്രതികരണം. ഇസ്രായേൽ ഗസ്സയിൽ നടത്തുന്നത് യുദ്ധമല്ലെന്നും ക്രൂരതയാണെന്നും മാർപാപ്പ പറഞ്ഞിരുന്നു. തന്റെ വാർഷിക ക്രിസ്‌മസ് പ്രസംഗത്തിലായിരുന്നു മാർപാപ്പയുടെ പരാമർശങ്ങൾ. 'ഇന്നലെ കുട്ടികൾക്ക് നേരെയാണ് ബോംബേറുണ്ടായത്. ഇത് യുദ്ധമല്ല, ക്രൂരതയാണ്. എന്റെ ഹൃദയത്തെ സ്‌പർശിച്ചതിനാലാണ് ഞാനിത് തുറന്നുപറയാൻ ആഗ്രഹിച്ചത്'- വത്തിക്കാനിലെ വിവിധ വകുപ്പുകളെ നയിക്കുന്ന കത്തോലിക്കാ കർദിനാൾമാരോട് സംസാരിക്കവെ മാർപാപ്പ പറഞ്ഞു. ഗസ്സയിൽ ഇസ്രായേൽ വംശഹത്യയാണോ നടത്തുന്നതെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാർപാപ്പ നേരത്തെയും രംഗത്തെത്തിയിരുന്നു.
യേശുക്രിസ്തുവിന്റെ ജന്മസ്ഥലമായ ബെത്‌ലഹേമിലെ ക്രൈസ്റ്റ് ലൂഥറൻ ചർച്ചിൽ ഇത്തവണത്തെ പുൽക്കൂട് ഗസ്സയോടുള്ള ഐക്യദാർഡ്യത്തിന്റെ പ്രതീകമായിരുന്നു. വെള്ള വസ്ത്രത്തിന് പകരം ഫലസ്തീനികളുടെ പരമ്പരാഗത വസ്ത്രമായ കഫിയയായിരുന്നു ഉണ്ണിയേശുവിന്റെ വസ്ത്രം. പുൽക്കൂടിന് പകരം തകർന്ന കെട്ടിടങ്ങളുടെ കോൺക്രീറ്റ് കഷ്ണങ്ങൾ കൊണ്ടൊരുക്കിയ കൂട്ടിലായിരുന്നു കിടത്തിയത്.
© Copyright 2024. All Rights Reserved