കയ്റോ / ഗാസ തെക്കൻ ഗാസയിലെ റഫായിലുള്ള സഹായവിതരണ കേന്ദ്രത്തിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 31 പലസ്തീൻകാർ കൊല്ലപ്പെട്ടു. ആഹാരത്തിനായി എത്തിയവർക്കു നേരെ ഇസ്രയേൽ സൈനികർ വെടിവയ്ക്കുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ. പരുക്കേറ്റവരെക്കൊണ്ട് ആശുപത്രികൾ നിറഞ്ഞു. സഹായവിതരണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള പുതിയ യുദ്ധതന്ത്രം ഇസ്രയേൽ പ്രയോഗിക്കുകയാണെന്നു ഗാസയിലെ ആരോഗ്യമന്ത്രാലയം നേരത്തേ ആരോപിച്ചിരുന്നു. ആക്രമണമുണ്ടായെന്ന റിപ്പോർട്ടുകൾ ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ നിഷേധിച്ചു. യുഎസ് പിന്തുണയോടെ പ്രവർത്തിക്കുന്ന ഇവരാണ് റഫായിലെ സഹായവിതരണകേന്ദ്രത്തിൻ്റെ നടത്തിപ്പുകാർ. തെറ്റായ വാർത്തകൾ ഹമാസ് പ്രചരിപ്പിക്കുന്നതാണെന്നാണ് ഫൗണ്ടേഷൻ ആരോപണം.
ഇങ്ങനെയൊരു സംഭവം നടന്നതായി അറിയില്ലെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ നിലപാട്. ഇതിനിടെ, മധ്യഗാസിലെ ബുറെയിജ് അഭയാർഥി ക്യാംപിൽ വീടിനു നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഗാസയിലെ ഖാൻ യൂനിസിൽ വനിതാ ഡോക്ടർ അലാ അൽ നജ്ജാറിൻ്റെ വീടിനുനേരെയുണ്ടായ ആക്രമണത്തിൽ അവരുടെ 9 കുട്ടികൾ കൊല്ലപ്പെട്ടതിനു പിന്നാലെ, പരുക്കേറ്റു ചികിത്സയിലായിരുന്ന ഭർത്താവ് ഹംദി അൽ നജ്ജാറും മരിച്ചു. ഇദ്ദേഹവും ഡോക്‌ടറായിരുന്നു. ദമ്പതികളുടെ 10 കുട്ടികളിൽ ഒരാൾ മാത്രമേ ശേഷിക്കുന്നുള്ളു. ഗുരുതര പരുക്കേറ്റ 11 വയസ്സുള്ള ഈ ആൺകുട്ടി ചികിത്സയിലാണ്. അലാ ജോലിസ്‌ഥലത്തായിരുന്നപ്പോഴായിരുന്നു മേയ് 23ന് വീടിനു നേരെ ആക്രമണം.
ഇതേ സമയം, ഹമാസ് കമാൻഡർ ഖലീൽ ആബിദ് അൽനാസർ മുഹമ്മദ് ഹതീബിനെ ഡോണാക്രമണത്തിൽ വധിച്ചതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. കഴിഞ്ഞ വർഷം ജനുവരിയിൽ 21 ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ട ആക്രമണത്തിനു പിന്നിലെ ഹമാസ് സംഘത്തിൻ്റെ കമാൻഡറായിരുന്നു ഹതീബെന്ന് സൈന്യം പറയുന്നു. ഗാസയിലെ ആരോഗ്യസംവിധാനം വലിയ വെല്ലുവിളികൾ നേരിടുകയാണെന്ന് ഗാസ സിറ്റിയിലെ അൽഷിഫാ ഹോസ്‌പിറ്റൽ ഡയറക്‌ടർ മുഹമ്മദ് അബു സാൽമിയ ചൂണ്ടിക്കാട്ടി.രോഗികൾക്കും യുദ്ധത്തിൽ പരുക്കേറ്റവർക്കും നൽകാൻ ആവശ്യത്തിനു രക്തമില്ല. ഡയാലിസിസ് യൂണിറ്റുകളിൽ പോലും ശുദ്ധജലമില്ല. ഓരോ ദിവസവും 5 അർബുദ രോഗികൾ ചികിത്സ കിട്ടാതെ വീടുകളിൽ മരണമടയുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. വെടിനിർത്തലിൽനിന്നു പിന്മാറി ഇസ്രയേൽ ആക്രമണം പുനരാരംഭിച്ച ശേഷം 6,32,000 പലസ്തീൻകാർക്കു പലായനം ചെയ്യേണ്ടി വന്നതായി ഐക്യരാഷ്ട്ര സംഘടന ചൂണ്ടിക്കാട്ടി.
© Copyright 2024. All Rights Reserved