
ജറുസലം. ഗാസയിൽ പട്ടിണിമരണം പടരുന്നതിനിടെ, ഇസ്രയേൽ നിയോഗിച്ച കരാറുകാരായ ഗാസ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജിഎച്ച്എഫ്) നടത്തുന്ന റഫയിലെ ഭക്ഷണവിതരണകേന്ദ്രം ട്രംപിന്റെ പ്രതിനിധി സ്‌റ്റീവ് വിറ്റ്‌കോഫ് സന്ദർശിച്ചു. സഹായവിതരണ സംവിധാനം മെച്ചപ്പെടുത്താനാണു സന്ദർശനമെന്ന് വിറ്റ്കോഫ് പറഞ്ഞു. ഇസ്രയേലിലെ യുഎസ് അംബാസഡർ മൈക്ക് ഹക്കബിയും ഒപ്പമുണ്ടായിരുന്നു. സംഘർഷം ആരംഭിച്ച ശേഷം ഗാസ സന്ദർശിക്കുന്ന ആദ്യ യൂഎസ് ഉന്നത ഉദ്യോഗസ്‌ഥനാണ് സ്‌റ്റീവ് വിറ്റ്കോഫ്.
യുഎസ് സംഘം മടങ്ങിയതിനു പിന്നാലെ, റഫയിലെ ജിഎച്ച്എഫിന്റെ കേന്ദ്രത്തിനു സമീപം ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്‌പിൽ 3 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഭക്ഷണകേന്ദ്രങ്ങളിൽ 3 മാസത്തിനിടെ 1383 പലസ്തീൻകാരാണു വെടിയേറ്റുമരിച്ചത്. 9218 പേർക്കു പരുക്കേറ്റു.
അതിനിടെ, ഇന്നലെ 2 കുഞ്ഞുങ്ങളും ഒരു യുവാവും പട്ടിണിമൂലം മരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇതോടെ ഗാസയിലെ പട്ടിണിമരണം 89 കുട്ടികളടക്കം 154 ആയി. കടുത്ത പോഷകാഹാരക്കുറവു നേരിടുന്ന കുട്ടികളെ കണ്ടെത്താനായി ഇന്റർനാഷനൽ മെഡിക്കൽ കോർ (ഐ.എം.സി) 5 വയസ്സിൽ താഴെയുള്ള 2 ലക്ഷത്തോളം കുട്ടികളിൽ പരിശോധന നടത്തും.
















© Copyright 2025. All Rights Reserved