
ജറുസലം. ഗാസയിൽ ഭക്ഷണകേന്ദ്രങ്ങളിൽ ഇസ്രയേൽ നടത്തിയ വെടിവയ്‌പുകളിൽ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 91 ആയി. ബുധനാഴ്‌ച വടക്കൻ ഗാസയിൽ കൊല്ലപ്പെട്ട 54 പേർ ഉൾപ്പെടെയാണിത്. 600 പേർക്കു പരുക്കേറ്റു. വടക്കൻ ഗാസയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലെ ആശുപത്രികളിലെത്തിയ മൃതദേഹങ്ങളുടെ കണക്ക് ലഭ്യമായിട്ടില്ല. ഭക്ഷണവണ്ടികൾക്കു ചുറ്റും തടിച്ചുകൂടിയ പലസ്തീൻകാർ മുന്നറിയിപ്പു നൽകിയിട്ടും പിരിഞ്ഞുപോകാതെ വന്നതോടെ മുന്നറിയിപ്പു വെടിയുതിർത്തെന്നാണ് ഇസ്രയേൽ സൈന്യ പറയുന്നത്.
മേയ് മാസത്തിനുശേഷം ഭക്ഷണം തേടിയെത്തിയവർക്കു നേരെയുണ്ടായ വെടിവയ്‌പുകളിൽ ആയിരത്തിലേറെ പേർ കൊല്ലപ്പെട്ടു. പട്ടിണിമൂലം 90 കുട്ടികളടക്കം 156 പേരും മരിച്ചു. ബുധനാഴ്ച 270 ട്രക്കുകളാണ് ഗാസയിൽ പ്രവേശിച്ചത്. പ്രതിദിനം 600 ട്രക്കുകളെങ്കിലുമെത്തിയാൽ മാത്രമേ ഗാസയുടെ ആവശ്യത്തിനു തികയൂ. സഹായവിതരണത്തിനായി ദിവസവും 10 മണിക്കൂർ വെടിനിർത്തലാണുള്ളതെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി.
അതേസമയം, ബ്രിട്ടനും ഫ്രാൻസിനും പിന്നാലെ കാനഡയും പലസ്തീനു രാഷ്ട്രപദവി നൽകാൻ ഒരുങ്ങുന്നു. കാബിനറ്റ് യോഗത്തിനുശേഷമാണ് ഇക്കാര്യം പ്രധാനമന്ത്രി മാർക്ക് കാർനി പ്രഖ്യാപിച്ചത്. ഗാസയിലെ പട്ടിണിയടക്കമുള്ള യാഥാർഥ്യങ്ങൾ പലസ്തീൻ രാഷ്ട്രം ഇല്ലാതാകുമെന്ന സൂചനയാണു നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യൻ യൂണിയൻ അംഗമായ മെഡിറ്ററേനിയൻ ദ്വീപുരാജ്യം മാൾട്ടയും പലസ്തീന് അംഗീകാരം നൽകുമെന്ന് പ്രഖ്യാപിച്ചു.
കാനഡയുടെ തീരുമാനം യുഎസുമായുള്ള വ്യാപാരചർച്ചയിൽ തടസ്സമാകുമെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പു നൽകി. ഹമാസ് കീഴടങ്ങിയാൽ ഗാസയിലെ പ്രശ്നനങ്ങൾ അവസാനിക്കുമെന്നും പറഞ്ഞു.
അതേസമയം, ഇസ്രയേലിന് ആയുധം നൽകുന്നതു തടയണമെന്നാവശ്യപ്പെട്ട് അവതരിപ്പിച്ച 2 പ്രമേയങ്ങൾ യുഎസ് സെനറ്റ് വോട്ടിനിട്ടു തള്ളി. ഇസ്രയേലിലുള്ള ട്രംപിന്റെ പ്രതിനിധി സ്‌റ്റീവ് വിറ്റ്കോഫ് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ചർച്ച നടത്തി.
















© Copyright 2025. All Rights Reserved