
ടെൽ അവീവ് സമാധാന കരാർ ലംഘിച്ചെന്ന ആരോപണത്തിന് പിന്നാലെ ഗാസയിൽ വൻ വ്യോമാക്രമണം നടത്തി ഇസ്രയേൽ. കഴിഞ്ഞ ദിവസം ഹമാസിൻ്റെ നേതൃത്വത്തിൽ റഫയിൽ വച്ച് ഇസ്രയേൽ സൈന്യത്തിന് നേർക്കുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് ശക്‌തമായ തിരിച്ചടി നൽകാൻ ബെന്യാമിൻ നെതന്യാഹു ഉത്തരവിട്ടത്. വ്യോമാക്രമണത്തിൽ ഗാസയിൽ ഇതുവരെ 30 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഗാസയിലെ അൽ-ഷിഫ ആശുപത്രിയിലടക്കം ഐഡിഎഫ് ആക്രമണം നടത്തിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഹമാസ് തങ്ങളുടെ സൈനികരെ ആക്രമിച്ചുവെന്നും യുഎസ് മധ്യസ്‌ഥതയിൽ നിലവിൽ വന്ന വെടിനിർത്തൽ കരാറിന്റെ ലംഘനമാണിതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഐഡിഎഫിന്റെ ആക്രമണം. അതേസമയം, മേഖലയിൽ വെടിനിർത്തൽ നിലനിൽക്കുകയാണെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് പറഞ്ഞു. ചെറിയ ഏറ്റുമുട്ടലുകൾ ഉണ്ടാകില്ലെന്നല്ല വെടിനിർത്തൽ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും വാൻസ് പറഞ്ഞു. "ഹമാസോ ഗാസയിലെ മറ്റാരെങ്കിലുമോ ആകാം. ഇസ്രയേൽ സൈനികനെ ആക്രമിച്ചതായി ഞങ്ങൾക്കറിയാം. ഇസ്രയേലികൾ പ്രതികരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. പക്ഷേ പ്രസിഡന്റ് ട്രംപിന്റെ സമാധാന കരാർ നിലനിൽക്കുമെന്ന് ഞാൻ കരുതുകയാണ്"- ജെ.ഡി.വാൻസ് പറഞ്ഞു.
















© Copyright 2025. All Rights Reserved