
ടെൽ അവീവ് ഗാസയിൽ സഹായവിതരണം നടത്തുന്നതിന് ഇസ്രയേൽ നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ രാജ്യാന്തര നീതിന്യായ കോടതി (ഐസിജെ). യുഎൻ ഏജൻസികളുമായി ചേർന്ന് ഗാസയിൽ മാനുഷിക സഹായം സുഗമമാക്കാൻ ഇസ്രയേൽ ബാധ്യസ്‌ഥമാണെന്ന് രാജ്യാന്തര കോടതി നിരീക്ഷിച്ചു. യുഎൻ പലസ്തീൻ അഭയാർഥി സംഘടന (യുഎൻആർഡബ്ല്യുഎ) നിഷ്പക്ഷത ലംഘിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു.
'അധിനിവേശ ശക്‌തിക്ക് അധിനിവേശ പ്രദേശങ്ങളിലെ എല്ലാ മാനുഷിക പ്രവർത്തനങ്ങളും നിർത്തിവയ്ക്കുന്നത് ന്യായീകരിക്കാൻ സുരക്ഷാ കാരണങ്ങൾ ഒരിക്കലും നിരത്താൻ പാടില്ല. തെളിവുകൾ പരിശോധിച്ചതിൽ നിന്നും ഗാസ മുനമ്പിലെ ജനങ്ങൾക്ക് മതിയായ സഹായം ലഭിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തിൽ, യുഎൻആർഡബ്ല്യുഎ വഴി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്ര സംഘടന, ഗാസ മുനമ്പിൽ മാനുഷിക സഹായം നൽകുന്നതിൽ ഒഴിച്ചുകൂടാനാവാത്ത ഏജൻസിയാണ്' - രാജ്യാന്തര കോടതി വ്യക്തമാക്കി.
യുഎൻ പലസ്തീൻ അഭയാർഥി സംഘടനയുടെ പ്രവർത്തനങ്ങളെ വിലക്കുകയും ഇതിലൂടെ ഗാസയിൽ സഹായമെത്തിക്കാനുള്ള ശ്രമങ്ങളെ തടസപ്പെടുത്തുകയും ചെയ്‌ത സാഹചര്യത്തിൽ ഐക്യരാഷ്ട്ര സംഘടനയാണ് രാജ്യാന്തര കോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ടത്.
യുഎൻ പലസ്തീൻ അഭയാർഥി സംഘടനയ്ക്ക് ഹമാസുമായി ബന്ധമുള്ള ആയിരത്തിലധികം ജീവനക്കാരുണ്ടെന്നും അവരുടെ സ്‌കൂളുകളിൽ ഇസ്രയേലിനെതിരെ വിദ്വേഷം പഠിപ്പിക്കുന്നു എന്നും ഇസ്രയേൽ ആരോപിച്ചിരുന്നു. ആരോപണങ്ങൾ യുഎൻആർഡബ്ല്യുഎ ആവർത്തിച്ച് നിഷേധിച്ചിട്ടുണ്ട്.
2023 ഒക്ടോബർ 7ന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ യുഎൻആർഡബ്ല്യൂഎയുടെ ഒൻപതു ജീവനക്കാർ ഉൾപ്പെട്ടിരിക്കാം എന്ന് ഒരു യുഎൻ അന്വേഷണം കണ്ടെത്തിയിരുന്നു. എന്നാൽ യുഎൻആർഡബ്ല്യൂഎ ജീവനക്കാർക്കെതിരെയുള്ള ആരോപണങ്ങൾ ഇസ്രയേൽ തെളിയിച്ചിട്ടില്ലെന്ന് രാജ്യാന്തര ബുധനാഴ്ച്‌ച പറഞ്ഞു.
രാജ്യാന്തര കോടതിയുടെ നിരീക്ഷണം ഇസ്രയേലിനെ നിയമപരമായി ബാധിക്കില്ലെങ്കിലും ഗാസയിലും വെസ്‌റ്റ് ബാങ്കിലും യുഎൻ സംഘടനകളും മറ്റു രാജ്യങ്ങൾ ഉൾപ്പെടെയുള്ളവയും സഹായം എത്തിക്കുന്നത് നിയന്ത്രിക്കുന്നതിനെതിരെ രാജ്യാന്തര സമ്മർദം വർധിക്കാൻ ഇടയാക്കുമെന്നാണ് വിലയിരുത്തൽ.
















© Copyright 2025. All Rights Reserved