ജറുസലം. സ്വകാര്യകരാറുകാരെവച്ച് ഗാസയിൽ ഇ സയേൽ ആരംഭിച്ച സഹായവിതരണ സംവിധാനം പാളി ചൊവ്വാഴ്ച്ച റഫയിലെ വിതരണകേന്ദ്രത്തിന്റെ വേലി കടന്നു തിക്കിത്തിരക്കിയ ജനക്കൂട്ടത്തിനുനേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു; 48 പലസ്‌തീൻകാർക്കു പരുക്കേറ്റു. ഇതോടെ യുഎസ് പിന്തുണയുള്ള ഗാസ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജിഎച്ച്എഫ്) വിതരണം നിർത്തിവച്ചു. ഗാസയിൽ പട്ടിണിയിലായ ലക്ഷങ്ങൾക്ക് സഹായമെത്തിക്കാൻ ഈ സംവിധാനം മതിയാവില്ലെന്നു ചൂണ്ടിക്കാട്ടി യുഎൻ ഏജൻസികൾ നേരത്തേ ഫൗണ്ടേഷനെ ബഹിഷ്‌കരിച്ചിരുന്നു.
ഭക്ഷണത്തിനായെത്തിയ ആയിരക്കണക്കിനു പലസ്തീൻകാർക്കുനേരെ ഇസ്രയേൽ ടാങ്കുകൾ നിറയൊഴിച്ചെന്ന് വാർത്താ ഏജൻസിയായ അസോഷ്യേറ്റ് പ്രസ് റിപ്പോർട്ട് ചെയ്തു. സഹായവിതരണം നടത്തിയ സൈനിക കരാറുകാരാണ് വെടിവച്ചതെന്നും റിപ്പോർട്ടുണ്ട്. യുദ്ധകാലമത്രയും ഗാസയിലെങ്ങും വിതരണകേന്ദ്രങ്ങൾ സ്‌ഥാപിച്ചാണ് യുഎൻ ഏജൻസികൾ ദുരിതാശ്വാസം നടത്തിയിരുന്നത്. ഈ സംവിധാനത്തിനു പകരമായാണു തെക്കൻ ഗാസയിൽമാത്രം വിതരണകേന്ദ്രങ്ങൾ സ്‌ഥാപിച്ച് സൈന്യത്തിൻ്റെ മേൽനോട്ടത്തിൽ നടത്താനാണ് ഇസ്രയേൽ തീരുമാനിച്ചത്. നിലവിൽ പലസ്‌തീൻകാരെ പൂർണമായും ഒഴിപ്പിച്ച റഫയിലാണു ജിഎച്ച്.എഫിൻ്റെ 2 വിതരണകേന്ദ്രവും.
ഖാൻ യൂനിസിലെ താൽക്കാലിക കൂടാരങ്ങളിൽനിന്ന് ആയിരക്കണക്കിനു പലസ്‌തീൻകാരാണ് ചൊവ്വാഴ്ച വിതരണകേന്ദ്രത്തിലെത്തിയത്. യുഎസ്, ഇസ്രയേൽ പിന്തുണയോടെ അമേരിക്കൻ സൈനികകരാറുകാരുടെയും മുൻ സൈനിക ഓഫിസർമാരുടെയും നേതൃത്വത്തിലാണ് ഈ വർഷാദ്യം ജിഎച്ച്എഫ് പ്രവർത്തനമാരംഭിച്ചത്. അതിനിടെ, യെമൻ തലസ്ഥാനമായ സനായിലെ രാജ്യാന്തര വിമാനത്താവളത്തിനുനേരെ ഇസ്രയേൽ മിസൈൽ ആക്രമണം നടത്തി. ഹൂതികൾ ഉപയോഗിച്ചിരുന്ന അവസാനവിമാനവും തകർത്തെന്നും അവകാശപ്പെട്ടു. ഗാസയിൽ അടിയന്തര വെടിനിർത്തലിനു ലിയോ പതിനാലാമൻ മാർപാപ്പ ആഹ്വാനം ചെയ്തു. രാജ്യാന്തരനിയമങ്ങൾ പാലിക്കാൻ ഇസ്രയേൽ സൈന്യത്തോടും ഹമാസിനോടും മാർപാപ്പ അഭ്യർഥിച്ചു.
© Copyright 2024. All Rights Reserved