
ജറുസലം, ജനീവ ഗാസയുടെ പുനർനിർമാണത്തിനു 7000 കോടി ഡോളർ (ഏകദേശം 6.9 ലക്ഷം കോടി രൂപ) വേണ്ടിവരുമെന്ന് യുഎൻ ഡവലപ്മെന്റ് പ്രോഗ്രാം (യുഎൻഡിപി) അറിയിച്ചു. യുറോപ്യൻ യുണിയനും ലോകബാങ്കും നൽകിയ റിപ്പോർട്ടു പ്രകാരമാണിത്. ഇതിൽ ആദ്യ 3 വർഷത്തേക്ക് വേണ്ടത് 2000 കോടി ഡോളറാണ് (ഏകദേശം 1.74 ലക്ഷം കോടി രൂപ). ബാക്കി തുക ദീർഘകാലാടിസ്ഥാനത്തിൽ വേണ്ടിവരുന്ന ചെലവാണ്. അറബ്, യൂറോപ്യൻ രാജ്യങ്ങളും യുഎസും പുനർനിർമാണത്തിനു പണം നൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
വെടിനിർത്തൽ ലംഘിച്ചു ഗാസ സിറ്റിയിലെ ഷുജയ്യ മേഖലയിൽ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്‌പിൽ 5 പലസ്തീൻകാർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഗാസയിൽ യെലോ ലൈൻ എന്നറിയപ്പെടുന്ന മേഖലയിലേക്കാണു സൈന്യം പിൻവാങ്ങിയിട്ടുള്ളത്. യുദ്ധകാലത്തു കൊല്ലപ്പെട്ട ഏതാനും പലസ്തീൻകാരുടെ മൃതദേഹങ്ങൾ റെഡ് ക്രോസ് മുഖാന്തരം ഇസ്രയേൽ ഇന്നലെ കൈമാറി. ഇനിയും നൂറുകണക്കിനു പലസ്തീൻകാരുടെ മൃതദേഹങ്ങൾ ഇസ്രയേലിന്റെ കസ്റ്റഡിയിലുണ്ട്.
അതേസമയം, ഗാസയിൽ മരിച്ച ബന്ദികളിൽ 20 പേരുടെ മൃതദേഹങ്ങൾ തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കടിയിൽ നിന്നു കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. 4 പെട്ടികളിലാക്കിയ ശരീരഭാഗങ്ങളാണു തിങ്കളാഴ്‌ച ഹമാസ് കൈമാറിയത്. ശേഷിക്കുന്ന മൃതദേഹഭാഗങ്ങൾ കണ്ടെത്താൻ എളുപ്പമല്ലെന്നും ഇതിനു ദിവസങ്ങളോ ആഴ്‌ചകളോ എടുത്തേക്കാമെന്നും റെഡ് ക്രോസ് വക്‌താവ് പറഞ്ഞു. 23 ജീവനക്കാരെക്കുടി നിയോഗിച്ചിട്ടുണ്ട്. യുദ്ധം ആരംഭിച്ചശേഷം 172 ബന്ദികളെയും 3472 പലസ്‌തീൻകാരെയും റെഡ് ക്രോസ് മുഖാന്തരമാണു കൈമാറിയത്.
















© Copyright 2025. All Rights Reserved