വാഷിങ്ടൻ ഗാസയോട് ഇസ്രായൽ കരുണ കാണിക്കണമെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനം. ലോകാരോഗ്യ സംഘടനയുടെ വാർഷിക അസംബ്ലിയിൽ നടത്തിയ വൈകാരിക പ്രസംഗത്തിലായിരുന്നു ടെഡ്രോസിന്റെ പരാമർശം "ഗാസയിലെ ജനങ്ങളുടെ അവസ്‌ഥ എനിക്ക് ചിന്തിക്കാൻ കഴിയും. എനിക്ക് അത് ദൃശ്യവൽക്കരിക്കാൻ കഴിയും. എനിക്ക് ശബ്ദങ്ങൾ പോലും കേൾക്കാൻ കഴിയും. ഇത് പോസ്റ്റ്-ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ മൂലമാണ്. ആളുകൾ എങ്ങനെ കഷ്ടപ്പെടുന്നുവെന്ന് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയും. ഭക്ഷണവും മെഡിക്കൽ ഉപകരണങ്ങളും ഗാസയിലെ ജനങ്ങൾക്ക് ലഭ്യമാക്കണം" - ടെഡ്രോസ് പറഞ്ഞു.
"ഒരു രാഷ്ട്രീയ പരിഹാരത്തിനു മാത്രമേ അർഥവത്തായ സമാധാനം കൊണ്ടുവരാൻ കഴിയൂ. സമാധാനത്തിനായുള്ള ആഹ്വാനം ഇസ്രയേലിന്റെ തന്നെ താൽപര്യങ്ങൾക്ക് വേണ്ടിയാണ്. യുദ്ധം ഇസ്രയേലിനെ തന്നെ ദോഷകരമായി ബാധിക്കുന്നുണ്ട്. യുദ്ധം ശാശ്വതമായ ഒരു പരിഹാരം കൊണ്ടുവരില്ല. നിങ്ങൾക്ക് കരുണ കാണിക്കാൻ കഴിയുമോ എന്ന് ഞാൻ ചോദിക്കുന്നു. അത് നിങ്ങൾക്കും പലസ്തീനികൾക്കും നല്ലതാണ്. അത് മനുഷ്യരാശിക്കും നല്ലതാണ്. ഗാസയിലെ ജനങ്ങൾ മരണഭീഷണിയിലാണ്. ഒരു മുൻ ബന്ദിയെന്ന നിലയിൽ, എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്ന് എനിക്ക് പറയാൻ കഴിയും അവരുടെ കുടുംബങ്ങൾ കഷ്ട്‌ടപ്പെടുന്നു. അവരുടെ കുടുംബങ്ങൾ വേദനയിലാണ്" - ടെഡ്രോസ് പറഞ്ഞു.
ഗാസയിലെ ജനങ്ങൾ ഭക്ഷണം, വെള്ളം, വൈദ്യ സഹായം, ഇന്ധനം, പാർപ്പിടം എന്നിവയുടെ കടുത്ത ക്ഷാമം അനുഭവിക്കുന്നുണ്ടെന്ന് ലോകോരോഗ്യ സംഘടന വിലയിരുത്തി. കഴിഞ്ഞ ആഴ്ച 4 പ്രധാന ആശുപത്രികൾക്കാണ് വൈദ്യസഹായം നിർത്തിവയ്ക്കേണ്ടി വന്നത്. ഗാസ മുനമ്പിലെ 36 ആശുപത്രികളിൽ 19 എണ്ണം മാത്രമേ ഇപ്പോൾ പ്രവർത്തിക്കുന്നുള്ളൂ. എല്ലാ ആശുപതികളിലും കേടുപാടുകൾ സംഭവിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്.
© Copyright 2024. All Rights Reserved