
അങ്കാറ വെടിനിർത്തൽ കരാർ പ്രതിസന്ധിയിലായതിനു പിന്നാലെ ഗാസ വെടിനിർത്തലും തുടർനടപടികളും ചർച്ച ചെയ്യാൻ ഏതാനും രാജ്യങ്ങൾ തിങ്കളാഴ്‌ച ഇസ്‌താംബുളിൽ ചർച്ച നടത്തുമെന്ന് തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ. ഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണം നടത്തുന്ന പശ്ചാത്തലത്തിൽ വെടിനിർത്തൽ തുടരുമോയെന്നതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. സെപ്റ്റംബറിൽ ന്യൂയോർക്കിൽ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായി നടന്ന കൂടിക്കാഴ്ച്‌ചയിൽ പങ്കെടുത്ത രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ചർച്ചയിൽ പങ്കെടുക്കുമെന്ന് ഹകാൻ ഫിദാൻ പറഞ്ഞു. തുർക്കി, ഖത്തർ, സൗദി അറേബ്യ, ഈജിപ്ത‌്, യുഎഇ, ജോർദാൻ, പാക്കിസ്ഥാൻ, ഇന്തൊനീഷ്യ എന്നീ രാജ്യങ്ങളാണ് ട്രംപുമായുള്ള ചർച്ചയിൽ പങ്കെടുത്തത്. 'വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടത്തിലേക്ക് എങ്ങനെ കടക്കുമെന്നതാണ് പ്രധാന ചർച്ചാവിഷയം. രാജ്യാന്തര സേനയെ നിയോഗിക്കുന്നത് ചർച്ച ചെയ്യണം' - ഹകാൻ ഫിദാൻ പറഞ്ഞു.
എന്നാൽ രാജ്യാന്തര സേനയുടെ ഭാഗമായി തുർക്കി സേനയെ അനുവദിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വ്യക്‌തമാക്കിയിരുന്നു. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായി 22ന് നടത്തിയ കൂടിക്കാഴ്ചയിലാണ് നെതന്യാഹു നിലപാട് വ്യക്‌തമാക്കിയത്. ഗാസയിൽ തുർക്കിക്ക് ക്രിയാത്മകമായ പങ്കുണ്ടാകുമെന്ന് പ്രതികരിച്ച വാൻസ്, ഗാസ വിഷയത്തിൽ വിദേശ സൈനികരുടെ സാന്നിധ്യം സംബന്ധിച്ച് ഇസ്രയേലിനുന്മേൽ ഒന്നും അടിച്ചേൽപ്പിക്കാൻ യുഎസ് നിർബന്ധിക്കില്ലെന്നും പറഞ്ഞു.
അതേസമയം, ഗാസയിൽ നാലാം ദിവസവും ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 3 പലസ്‌തീൻകാർ കൊല്ലപ്പെട്ടു. വടക്കൻ ഗാസ കേന്ദ്രീകരിച്ചായിരുന്നു ആക്രമണം. മുൻപ് കൊല്ലപ്പെട്ട 30 പലസ്തീൻകാരുടെ ശരീരങ്ങൾ ഇസ്രയേൽ റെഡ്ക്രോസിന്റെ നേതൃത്വത്തിൽ ഗാസ അതോറിറ്റിക്കു കൈമാറി. കഴിഞ്ഞ ദിവസം 2 ഇസ്രയേൽ ബന്ദികളുടെ മൃതശരീരങ്ങൾ ഹമാസ് കൈമാറിയിരുന്നു.
















© Copyright 2025. All Rights Reserved