വാഷിങ്ടണ്‍: അമേരിക്കയുടെ പുതിയ മിസൈൽ പ്രതിരോധ സംവിധാന പദ്ധതി വിശദീകരിച്ച് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഭാവിയിൽ നടപ്പിലാക്കുന്ന 'ഗോൾഡൻ ഡോം' എന്ന മിസൈൽ പ്രതിരോധ സംവിധാനത്തെ കുറിച്ചാണ് ട്രംപ് വെളിപ്പെടുത്തിയത്. ബഹിരാകാശത്ത് നിന്ന് തൊടുക്കുന്ന മിസൈലുകൾ വരെ ഈ സംവിധാനം തടുക്കുമെന്ന് ട്രംപ് അവകാശപ്പെട്ടു. തന്റെ കാലാവധി അവസാനിക്കുമ്പോഴേക്കും ഗോൾഡൻ ഡോം പ്രവർത്തനക്ഷമമാകുമെന്ന് ട്രംപ് പറഞ്ഞു.
ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകൾ ഉൾപ്പെടെ യുഎസിന് നേരെ വരാനിടയുള്ള വ്യോമ ഭീഷണികളെ നേരിടാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ സംവിധാനമെന്ന് ട്രംപ് പറഞ്ഞു. പുതിയ ബജറ്റിൽ 2500 കോടി ഡോളർ (2.1 ലക്ഷം കോടി രൂപ) പ്രാരംഭ തുകയായി ഗോൾഡൻ ഡോമിനായി നീക്കിവച്ചിട്ടുണ്ട്. പദ്ധതി പൂർത്തിയാക്കാൻ 17,500 കോടി ഡോളറാണ് പ്രതീക്ഷിക്കുന്ന ചെലവ്. സ്‌പേസ് ഫോഴ്‌സ് ജനറൽ മൈക്കൽ ഗ്യൂറ്റ്‌ലിൻ പദ്ധതിക്ക് മേൽനോട്ടം വഹിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.
ലോകത്തിന്റെ മറുവശത്ത് നിന്നോ ഇനി ബഹിരാകാശത്ത് നിന്ന് തന്നെയോ തൊടുത്താലും മിസൈലുകൾ തടയാൻ ഗോൾഡൻ ഡോമിന് കഴിയുമെന്ന് ട്രംപ് അവകാശപ്പെട്ടു. കാനഡ ഈ സംവിധാനത്തിന്റെ ഭാഗമാകാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ട്രംപ് കൂട്ടിച്ചേർത്തു. ഈ വർഷം ആദ്യം വാഷിംഗ്ടൺ സന്ദർശന വേളയിൽ അന്നത്തെ കനേഡിയൻ പ്രതിരോധ മന്ത്രി ബിൽ ബ്ലെയർ, ഡോം പദ്ധതിയിൽ പങ്കെടുക്കാൻ കാനഡയ്ക്ക് താൽപ്പര്യമുണ്ടെന്ന് സമ്മതിച്ചു. അത് രാജ്യത്തിന്‍റെ ദേശീയ താൽപ്പര്യത്തിന് വേണ്ടിയാണെന്നും വിശദീകരിച്ചു.
2011 മുതൽ റോക്കറ്റുകളും മിസൈലുകളും തടയാൻ ഇസ്രയേൽ ഉപയോഗിച്ചിരുന്ന അയൺ ഡോമിൽ നിന്നാണ് ഈ സംവിധാനം പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്. എന്നാൽ ശബ്ദ വേഗതയേക്കാൾ വേഗമുള്ള ഹൈപ്പർസോണിക് ആയുധങ്ങളെ വരെ ഗോൾഡൻ ഡോം തടയുമെന്നാണ് ട്രംപിന്‍റെ അവകാശവാദം.
© Copyright 2024. All Rights Reserved