ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ അടച്ചുപൂട്ടലിലേക്ക് യുഎസ്; നിയമഭേദഗതിക്ക് സമ്മർദനീക്കവുമായി ട്രംപ്

04/11/25

വാഷിങ്ടൻ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ അടച്ചുപുട്ടലിന്റെ പടിവാതുക്കൽ യുഎസ്. ഒക്ടോബർ 1ന് ആരംഭിച്ച ഭരണസ്തംഭനം ചൊവ്വാഴ്‌ച (നവംബർ 4) നിലവിലെ റെക്കോഡിനൊപ്പമെത്തും. പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ ആദ്യ ഭരണകാലയളവിൽ 2018 ഡിസംബർ 22 മുതൽ 2019 ജനുവരി 25 വരെ 35 ദിവസം നീണ്ടുനിന്ന ആടച്ചുപൂട്ടലാണ് യുഎസ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയത്. പ്രശ്‌നപരിഹാരത്തിന് ഇതേവരെ സാധ്യത തെളിഞ്ഞിട്ടില്ലാത്ത സാഹചര്യത്തിൽ നിലവിലെ റെക്കോഡ് മറികടക്കാനാണ് സാധ്യത. ബജറ്റ് പാസാകാതെ വന്നതോടെ ദൈനംദിന ചെലവുകൾക്കു പണമില്ലാത്ത അവസ്‌ഥയിൽ സർക്കാരിൻ്റെ പ്രവർത്തനങ്ങൾക്കുള്ള ധനസഹായം നിർത്തലാക്കിയതോടെയാണ് ഭരണസ്‌തംഭനത്തിലേക്ക് യുഎസ് നീങ്ങിയത്.

സർക്കാർ അടച്ചുപൂട്ടൽ അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ ഫെഡറൽ ജീവനക്കാരുടെ ശമ്പളം മുടങ്ങിയിരിക്കുകയാണ്.
യുഎസിലെ ദശലക്ഷക്കണക്കിന് ആളുകൾക്ക് ഭക്ഷ്യസഹായം ഉൾപ്പെടെയുള്ള ഫെഡറൽ സേവനങ്ങൾ തടസപ്പെട്ടിരിക്കുകയാണ്. രാജ്യത്തെ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് നൽകുന്ന ഭക്ഷ്യസഹായ പദ്ധതിയായ എസ്എൻഎപി (Supplemental Nutrition Assistance Program) തുടരുന്നതു സംബന്ധിച്ചും അനിശ്ചിതത്വം തുടരുകയാണ്.

ഇതുവരെ 13 തവണയാണ് സെനറ്റിൽ ബജറ്റ് പരാജയപ്പെട്ടത്. ബജറ്റ് പാസാകാൻ 60 വോട്ടുകൾ ആവശ്യമാണ്. നിലവിൽ 53-47 ആണ് സെനറ്റിലെ കക്ഷിനില. ആരോഗ്യ പരിചരണ സബ്‌സിഡികളുടെ കാലാവധി നീട്ടണമെന്ന ഡെമോക്രാറ്റുകളുടെ ആവശ്യം നിരാകരിച്ച റിപ്പബ്ലിക്കൻ നേതാക്കൾ, ഭരണസ്‌തംഭനം അവസാനിപ്പിക്കാതെ ഇതു സംബന്ധിച്ച് ചർച്ചയില്ലെന്ന നിലപാടിലാണ്.

അതേസമയം, സെനറ്റിൻ്റെ നിയമത്തിൽ ഭേദഗതി വരുത്താൻ റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾക്കുമേൽ ട്രംപ് സമ്മർദം ചെലുത്തുന്നുണ്ട്. ഹൗസ് സ്‌പീക്കർ മൈക്ക് ജോൺസൺ, സെനറ്റിലെ റിപ്പബ്ലിക്കൻ കക്ഷിനേതാവ് ജോൺ തുൻ എന്നിവർക്കുമേൽ പരസ്യമായും ആവർത്തിച്ചും ട്രംപ് സമ്മർദം ചെലുത്തുന്നുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു. ഡെമോക്രാറ്റിക് പാർട്ടിയുടെ പിന്തുണയില്ലാതെ സർക്കാരിൻ്റെ പ്രവർത്തനങ്ങൾ പൂർവസ്‌ഥിതിയിലാക്കാനാണ് നിയമഭേദഗതിയിലൂടെ ട്രംപ് ലക്ഷ്യമിടുന്നത്.

ഒരു മാസത്തിലേറെയായി തുടരുന്ന ഭരണസ്‌തംഭനം യുഎസിനെയാകെ ബാധിച്ചു. സർക്കാർ സേവനങ്ങൾ മുടങ്ങിയത് ജനങ്ങളെ ദുരിതത്തിലാക്കി. അടച്ചുപുട്ടലിനെ തുടർന്ന് സാമൂഹ്യ സുരക്ഷാ ചെലവുകൾ, ആരോഗ്യ പരിചരണ ചെലവുകൾ, വിദ്യാർഥികൾക്കുള്ള സഹായങ്ങൾ തുടങ്ങിയവയെല്ലാം മുടങ്ങി. ശമ്പളമില്ലാത്ത സാഹചര്യത്തിൽ സർക്കാർ ജീവനക്കാർ കടുത്ത സമ്മർദത്തിലാണെന്ന് റിപ്പോർട്ടുകളുണ്ട്. എയർ ട്രാഫിക് കൺട്രോളർമാർ അവധിയെടുത്തതോടെ ജീവനക്കാരുടെ അഭാവം വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെ താളം തെറ്റിച്ചു. അടച്ചുപൂട്ടൽ രണ്ടാം മാസത്തിലേക്ക് നീണ്ടതോടെ, രാജ്യത്തെയാകെ ബാധിച്ച പ്രതിസന്ധി എങ്ങനെ പരിഹരിക്കുമെന്ന ആശങ്കയിലാണ് ട്രംപ് ഭരണകൂടം.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu