
വാഷിങ്ടൻ . സൗദി വിമർശകനും വാഷിങ്‌ടൻ പോസ് കോളമിസ്റ്റുമായിരുന്ന ജമാൽ ഖഷോഗിയുടെ വധത്തെ ന്യായീകരിച്ച് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് സൗദി കിരീടാവകാശിക്ക് വധത്തിൽ പങ്കില്ലെന്നാണ് ട്രംപിന്റെ ന്യായീകരണം. ഖഷോഗി കൊല്ലപ്പെട്ടതിനെ കുറിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് ഒന്നും അറിയില്ലായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. സൗദിയുടെ പങ്ക് കണ്ടെത്തിയ 2021ലെ സിഐഎ റിപ്പോർട്ടിനെ നിരാകരിച്ചാണ് ട്രംപിന്റെ പ്രസ്താവന.
ഖഷോഗി വിവാദ വ്യക്തിയായിരുന്നു. ചിലപ്പോൾ അരുതാത്തത് സംഭവിക്കുമെന്നും തൻ്റെ സന്ദർശകനെ അപമാനിക്കാൻ വേണ്ടി മാത്രമാണ് ഈ വിഷയം മാധ്യമ പ്രവർത്തകർ ഉന്നയിച്ചതെന്നും മുഹമ്മദ് ബിൻ സുൽത്താനുമായി വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചക്കിടെ ട്രംപ് പറഞ്ഞു.
"നിങ്ങൾ പരാമർശിക്കുന്നത് വളരെ വിവാദപുരുഷനായ ഒരാളെക്കുറിച്ചാണ്. നിങ്ങൾ സംസാരിക്കുന്ന ആ മാന്യനെ ഒരുപാട് പേർക്ക് ഇഷ്ടമായിരുന്നില്ല. നിങ്ങൾക്ക് അദ്ദേഹത്തെ ഇഷ്ടമായാലും ഇല്ലെങ്കിലും പലതും സംഭവിക്കും"- ട്രംപ് പറഞ്ഞു. അദ്ദേഹത്തിന് ഇതേക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു, നമുക്ക് ഇത് ഇവിടെ നിർത്താമെന്ന് സൗദി കിരീടാവകാശിയുടെ നേരെ തിരിഞ്ഞുകൊണ്ട് ട്രംപ് പറഞ്ഞു.
അതേ സമയം, ജമാൽ ഖഷോഗി കൊല്ലപ്പെട്ടത് വേദനാജനകമാണെന്നും, വലിയ തെറ്റാണെന്നും മുഹമ്മദ് ബിൻ സൽമാൻ മറുപടി നൽകി
2018ൽ ജമാൽ ഖഷോഗി കൊല്ലപ്പെട്ടതിനു ശേഷം ഇതാദ്യമായാണ് സൗദി കിരീടാവകാശി യുഎസിലെത്തുന്നത്.
സിവിൽ ആണവോർജം, അത്യാധുനിക യുഎസ് എഫ്-35 യുദ്ധവിമാനങ്ങൾ എന്നിവയുടെ വിൽപ്പന സംബന്ധിച്ച കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. സൗദി അറേബ്യയ്ക്ക് എഫ് 35 യുദ്ധവിമാനങ്ങൾ വിൽക്കുമെന്ന് ഡോണൾഡ് ട്രംപ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. 48 പുതിയ വിമാനങ്ങൾ വാങ്ങാൻ സൗദി താൽപര്യം പ്രകടിപ്പിച്ചതിനു പിന്നാലെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം മധ്യപൂർവദേശത്ത് ഇസ്രയേലാണ് എഫ് 35 യുദ്ധവിമാനം കൈവശമുള്ള ഏക രാജ്യം.
















© Copyright 2025. All Rights Reserved