ചൈനയെയും പാക്കിസ്താനെയും ഒന്നിച്ചു നേരിടേണ്ട യുദ്ധസാഹചര്യം എന്നത് ഒരു സാങ്കല്‍പ്പിക ചോദ്യമല്ലെന്നും കാലങ്ങളായി ഇന്ത്യന്‍ സൈന്യം ഇത് മുന്‍കൂട്ടിക്കണ്ട് പ്ലാനുകളും തന്ത്രങ്ങളും ആസൂത്രണം ചെയ്യുന്നുണ്ടെന്നും പ്രതിരോധ വിദഗ്ധനായ റിട്ട. കേണല്‍ എസ് ഡിന്നി പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ആരംഭിച്ച 'വാര്‍ ആന്റ് പീസ്' അഭിമുഖ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ ആര്‍മിയുടെ രാജപുത് റെജിമെന്റില്‍ നിന്ന് വിരമിച്ച അദ്ദേഹം. ചൈനയെയും പാക്കിസ്താനെയും ഒരുമിച്ച് നേരിടേണ്ടി സാഹചര്യം പ്രതീക്ഷിച്ചുകൊണ്ടുതന്നെയാണ് നമ്മുടെ രാജ്യം മുന്നോട്ടുപോവുന്നതെന്നും ഈ വിഷയത്തില്‍ കരുത്തിലും യുദ്ധതന്ത്രങ്ങളിലും നമ്മള്‍ ഏറെ മുന്നോട്ടു പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്താനുമായുള്ള മുന്‍കാല സംഘര്‍ഷ സാധ്യതകളില്‍നിന്നും ഏറെ വ്യത്യസ്തമാണ് പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷമുള്ള സംഘര്‍ഷ സാഹചര്യവും ഓപ്പറേഷന്‍ സിന്ദൂറുമെന്ന് അഭിമുഖത്തില്‍ കേണല്‍ എസ് ഡിന്നി പറഞ്ഞു. നമ്മുടെ സൈന്യത്തിന്റെ ഏകോപനത്തിലും കരുത്തിലും ആയുധങ്ങളിലും ഏറെ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. കാര്‍ഗില്‍ യുദ്ധനന്തരം നിലവില്‍ വന്ന ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്ന സിസ്റ്റം മൂന്ന് സേനാവിഭാഗങ്ങളെയും ശാസ്ത്രീയമായി ഏകോപിപ്പിക്കുന്നു. പൂര്‍ണ്ണമായും തദ്ദേശീയമായി നിര്‍മിച്ച ആയുധങ്ങള്‍, വിദേശത്തുനിന്നും വാങ്ങിയ അത്യാധുനിക ആയുധങ്ങള്‍, പ്രതിരോധ സിസ്റ്റങ്ങള്‍ എന്നിവ പുതിയ സാഹചര്യങ്ങളെ സവിശേഷമാക്കുന്നതായി അദ്ദേഹം പറഞ്ഞു.
© Copyright 2024. All Rights Reserved