ദില്ലി: ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യയെ ലക്ഷ്യം വച്ചുള്ള തെറ്റായ വിവരങ്ങഴും വ്യാജ വാർത്തകളും പ്രചരിപ്പിച്ചതിനെ തുടർന്ന് ചൈനയുടെ സർക്കാർ ഉടമസ്ഥതയിലുള്ള മാധ്യമങ്ങളായ ഗ്ലോബൽ ടൈംസ്, സിൻഹുവ ന്യൂസ് ഏജൻസി എന്നിവയുടെ ഔദ്യോഗിക എക്സ് (മുമ്പ് ട്വിറ്റർ) അക്കൗണ്ടുകൾ മരവിപ്പിച്ച് ഇന്ത്യൻ സർക്കാർ. ഗ്ലോബൽ ടൈംസിന്റെ ഇന്ത്യയിലെ പ്രവേശനം നേരത്തെ നിർത്തിവച്ചതിന് ശേഷം, ഒരാഴ്ചക്കുള്ളിൽ എടുക്കുന്ന രണ്ടാമത്തെ നടപടിയാണിത്.
ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനിലെയും പാകിസ്ഥാൻ അധിനിവേശ കശ്മീരിലെയും (പിഒകെ) തീവ്രവാദ അടിസ്ഥാന സൗകര്യങ്ങൾ ഇന്ത്യ തകർത്തതിന് പിന്നാലെ, ചൈനീസ് മാധ്യമങ്ങൾ തെറ്റായതും പ്രകോപനപരവുമായ വിവരണങ്ങൾ പ്രചരിപ്പിക്കുന്നതായി കണ്ടെത്തി. തെറ്റായ വിവരങ്ങൾ പുറത്തുവിടുന്നതിന് മുമ്പ് നിങ്ങളുടെ വസ്തുതകൾ പരിശോധിക്കാനും ഉറവിടങ്ങൾ പരിശോധിക്കാനും ഇന്ത്യ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. നിരവധി പാകിസ്ഥാൻ അനുകൂല ഹാൻഡിലുകൾ അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ പ്രചരിപ്പിക്കുന്നു.
ഉറവിടങ്ങൾ പരിശോധിക്കാതെ മാധ്യമങ്ങൾ അത്തരം വിവരങ്ങൾ പങ്കിടുമ്പോൾ പത്രപ്രവർത്തന നൈതികതയിലും ഉത്തരവാദിത്തത്തിലുമുള്ള ഗുരുതരമായ വീഴ്ചയെ പ്രതിഫലിപ്പിക്കുന്നതാണെന്നും ഇന്ത്യ പറഞ്ഞിരുന്നു. വ്യാജ ദൃശ്യങ്ങൾ ഉപയോഗിച്ച് തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതായി ഇന്ത്യൻ സർക്കാരിന്റെ പിഐബി ഫാക്ട് ചെക്ക് യൂണിറ്റ് നേരത്തെ കണ്ടെത്തിയിരുന്നു. 2024-ൽ രാജസ്ഥാനിലും 2021-ൽ പഞ്ചാബിലും യഥാക്രമം തകർന്ന മിഗ്-29, മിഗ്-21 വിമാനങ്ങളുടെ ചിത്രങ്ങളടക്കം ഉപയോഗിച്ചായിരുന്നു വ്യാജപ്രചാരണം.
© Copyright 2024. All Rights Reserved