ചർച്ചകൾ വഴിമുട്ടി; ‘വ്യവസ്ഥകൾ അംഗീകരിച്ചില്ലെങ്കിൽ ഭരണമാറ്റം’, താലിബാന് പാക്കിസ്ഥാന്റെ അന്ത്യശാസനം

22/11/25

ഇസ്ലാമാബാദ് വ്യവസ്‌ഥകൾ അംഗീകരിക്കാൻ വിസമ്മതിക്കുന്നപക്ഷം ഭരണമാറ്റത്തിനുള്ള പ്രചാരണം നേരിടാൻ തയാറായിക്കൊള്ളാൻ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിന് പാക്കിസ്‌ഥാൻ്റെ അന്ത്യശാസനം.

2021 ലെ ഭരണമാറ്റത്തിനു ശേഷമുണ്ടായ ഏറ്റവും രൂക്ഷമായ സംഘർഷത്തെ തുടർന്ന് തുർക്കിയുടെ മധ്യസ്‌ഥതയിൽ പാക്കിസ്ഥാനും അഫ്ഗാനിസ്‌ഥാനും തമ്മിൽ പല തവണ കൂടിക്കാഴ്ച്ചകൾ നടത്തിയെങ്കിലും വ്യവസ്ഥകളിൽ ധാരണയാകാത്തതിനെ തുടർന്ന് ചർച്ചകൾ വഴിമുട്ടിയനിലയിലാണ്. ആശങ്കകൾ പരിഹരിക്കാൻ താലിബാൻ വിസമ്മതിക്കുന്നതാണ് പ്രശ്നപരിഹാരത്തിന് തടസമെന്നാണ് പാകിസ്‌ഥാൻ്റെ ആരോപണം.

തെഹ്‌രികെ താലിബാൻ പാക്കിസ്‌ഥാനെതിരെ (ടിടിപി) കർശന നടപടി സ്വീകരിക്കുക, തീവ്ര ടിടിപി ഭീകരരെ പാക്കിസ്ഥാന് കൈമാറുക, തർക്കമുള്ള അതിർത്തി മേഖലയായ ഡ്യൂറൻഡ് രേഖയിൽ സംഘർഷം വ്യാപിപ്പിക്കില്ലെന്ന് ഉറപ്പുനൽകുക, അതിർത്തി കടന്നുള്ള ഭീകരവാദം തടയാൻ ബഫർ സോൺ സ്‌ഥാപിക്കുക, വ്യാപാരവും ഉഭയകക്ഷി സഹകരണവും സാധാരണ നിലയിലാക്കുക എന്നീ വ്യവസ്‌ഥകളാണ് അഫ്ഗാൻ ഭരണകൂടത്തിനു മുന്നിൽ പാക്കിസ്ഥാൻ വച്ചിട്ടുള്ളത്.

വ്യവസ്‌ഥകൾ അംഗീകരിക്കുക അല്ലെങ്കിൽ ഭരണമാറ്റത്തിനുള്ള പ്രചാരണം നേരിടാൻ തയാറായിക്കൊള്ളാൻ അഫ്ഗാനിസ്‌ഥാനിലെ താലിബാൻ ഭരണകൂടത്തിന് പാക്കിസ്ഥാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ഉന്നതവൃത്തങ്ങൾ വ്യക്‌തമാക്കി. തുർക്കിയാണ് പാക്കിസ്ഥാന്റെ സന്ദേശം താലിബാന് കൈമാറിയത്.

2021 ൽ അഫ്ഗാനിസ്‌ഥാൻ്റെ ഭരണം താലിബാൻ പിടിച്ച ശേഷമാണ് പാക്കിസ്ഥാനുമായുള്ള ബന്ധത്തിൽ ഉലച്ചിലുണ്ടായത്. അതിർത്തിയിൽ സംഘർഷം രൂക്ഷമായതോടെ അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാൻ വ്യോമാക്രമണം നടത്തിയിരുന്നു. ഇതേ തുടർന്ന് അഫ്ഗാൻ സേനയും തിരിച്ചടിച്ചു. ഏറ്റുമുട്ടലിൽ നിരവധി പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തു. പാക്കിസ്‌ഥാനെ എതിർക്കുകയും പതിവായി ആക്രമണങ്ങൾ നടത്തുകയും ചെയ്യുന്ന തെഹ്‌രികെ താലിബാൻ പാക്കിസ്‌ഥാനെതിരെ (ടിടിപി) നടപടിയെടുക്കാൻ താലിബാൻ സ്ഥിരമായി വിസമ്മതിക്കുകയാണെന്ന് പാക്കിസ്‌ഥാൻ ആരോപിച്ചു.

അഫ്ഗാൻ മുൻ പ്രസിഡന്റുമാരായ ഹമീദ് കർസായി, അഷ്റഫ് ഗനി, നോർത്തേൺ റെസിസ്‌റ്റൻസ് ഫ്രൻ്റ് നേതാവ് അഹമ്മദ് മസൂദ്, മുൻ വൈസ് പ്രസിഡൻ്റ് അബ്‌ദുൽ റഷീദ് ദോസ്‌തം അഫ്ഗാനിസ്ഥാൻ ഫ്രീഡം ഫ്രണ്ട് നേതാക്കൾ തുടങ്ങി പ്രമുഖരായ നിരവധി അഫ്ഗാൻ ജനാധിപത്യ, പ്രതിപക്ഷ നേതാക്കളുമായി പാക്കിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗം ആശയവിനിമയം നടത്തിയെന്നാണ് വിവരം.

താലിബാനെ പതിറ്റാണ്ടുകളായി പിന്തുണച്ചിരുന്ന പാക്കിസ്ഥാൻ അഫ്ഗാനിൽ ഭരണം തിരിച്ചുപിടിക്കുന്നതിനും അവർക്ക് സജീവമായി സഹായങ്ങൾ നൽകിയിരുന്നു. താലിബാൻ ഇന്ത്യയുമായി ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചത് പാക്കിസ്‌ഥാൻ്റെ നിലപാടുമാറ്റത്തിനു പിന്നിലുണ്ടെന്നാണ് വിലയിരുത്തൽ.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu