ചർച്ചയ്ക്കിടെ പാക്ക് ഉന്നതന്റെ വിളി, ഞൊടിയിടയിൽ എല്ലാംമാറി; കാരണം ഇന്ത്യയെന്ന് വാദം, പിന്നിൽ രഹസ്യ ഉടമ്പടി

31/10/25

ന്യൂഡൽഹി . തുർക്കിയുടെ മധ്യസ്‌ഥതയിൽ നടന്ന പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നിൽ ഇന്ത്യൻ ഇടപെടലാണെന്നു പാക്കിസ്‌ഥാൻ്റെ ആരോപണം. എന്നാൽ, പാക്കിസ്‌ഥാന്റെ മണ്ണിൽ നിന്ന് യുഎസ് സൈന്യത്തിന് ഡ്രോൺ ആക്രമണങ്ങൾക്ക് അനുമതി നൽകിയ പാക്ക് രഹസ്യ ഉടമ്പടിയാണ് ചർച്ചകൾ പരാജയപ്പെടാൻ കാരണമെന്ന് അഫ്ഗാൻ മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നു.

പാക്കിസ്ഥാൻ തങ്ങളുടെ വ്യോമാതിർത്തി ലംഘിക്കുന്നതും വിദേശ ഡ്രോണുകൾക്ക് പറക്കാൻ അനുമതി നൽകുന്നതും അവസാനിപ്പിക്കണമെന്ന് ചർച്ചയിൽ അഫ്ഗാനിസ്ഥാൻ ആവശ്യപ്പെട്ടു. അതിർത്തിക്കപ്പുറത്ത് തെഹ്‌രികെ താലിബാൻ ഉൾപ്പെടെയുള്ള പാക്കിസ്‌ഥാൻ വിരുദ്ധ ഭീകരവാദ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത് തടയാമെന്നും അഫ്‌ഗാൻ വ്യക്തമാക്കി.

ഡ്രോൺ ആക്രമണങ്ങൾക്ക് അനുമതി നൽകുന്ന കരാർ യുഎസുമായി ഉണ്ടെന്ന് ചർച്ചകളിൽ പാക്കിസ്ഥാൻ സമ്മതിച്ചെന്നും, കരാർ ലംഘിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയെന്നും അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. പാക്കിസ്ഥാനിലെ ഉന്നത നേതൃത്വത്തിൽ നിന്നുള്ള ഫോൺ കോളിനു ശേഷമാണ് ചർച്ചയിലെ നിലപാട് മാറ്റം ഉണ്ടായതെന്നും മാധ്യമ വാർത്തകളിൽ പറയുന്നു. പാക്കിസ്ഥാന്റെ പെട്ടെന്നുള്ള നിലപാട് മാറ്റത്തിൽ ഖത്തറിലെയും തുർക്കിയിലെയും മധ്യസ്‌ഥർ ആശ്ചര്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

ഡോണൾഡ് ട്രംപ് അധികാരത്തിലെത്തിയതോടെ പാക്കിസ്ഥാൻ അമേരിക്കയുമായുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തിയിരിക്കുകയാണ്. പ്രധാനമന്ത്രി ഷെഹബാസ് ഷരീഫും സൈനിക മേധാവി അസിം മുനീറും വൈറ്റ് ഹൗസ് സന്ദർശിച്ചിരുന്നു. ബാഗ്രാം വ്യോമത്താവളം യുഎസിന് തിരികെ നൽകണമെന്ന് ട്രംപ് അഫ്ഗാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലെങ്കിൽ മോശം കാര്യങ്ങൾ സംഭവിക്കുമെന്നാണ് മുന്നറിയിപ്പ്. ഈ മാസമുണ്ടായ പാക്ക്-അഫ്ഗാൻ അതിർത്തി സംഘർഷത്തിൽ നിരവധി സൈനികർ കൊല്ലപ്പെട്ടിരുന്നു. തുടർന്നാണ് സമാധാനം പുനഃസ്ഥാപിക്കാൻ തുർക്കിയുടെ നേതൃത്വത്തിൽ ചർച്ച നടന്നത്.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu