ടോക്യോ: ജപ്പാനിൽ യുഎസ് വ്യോമതാവളത്തിലുണ്ടായ സ്ഫോടനത്തിൽ നാല് ജാപ്പനീസ് സൈനികർക്ക് പരിക്കേറ്റു. ജപ്പാന്റെ തെക്കൻ ദ്വീപായ ഒകിനാവയിലെ യുഎസ് വ്യോമതാവളത്തിലാണ് സ്ഫോടനം നടന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. ഒകിനാവ പ്രിഫെക്ചറൽ സർക്കാരിന്റെ കീഴിലുള്ള കഡേന വ്യോമതാവളത്തിലെ ആയുധസംഭരണ ശാലയിലാണ് സ്ഫോടനം നടന്നതെന്ന് യുഎസ് വ്യോമസേന പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
സ്ഫോടനത്തിൽ യുഎസ് സൈനികർകക് പരിക്കേറ്റിട്ടില്ലെന്നും പ്രസ്താവനയിൽ പറയുന്നു. രണ്ടാം ലോകയുദ്ധകാലത്ത് പൊട്ടാതെകിടന്ന സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കും മുൻപ് സൂക്ഷിക്കുന്ന സ്ഥലമാണിത്. സൈനികർ പരിശോധന നടത്തുന്നതിനിടെയാണ് സ്ഫോടനമുണ്ടായതെന്ന് സ്വയംപ്രതിരോധസേന (എസ്ഡിഎഫ്) പറഞ്ഞു.
രണ്ടാം ലോക യുദ്ധകാലത്തെ നൂറുകണക്കിന് ടൺ ബോംബ് ഒകിനാവയിലും പരിസരത്തുമുണ്ടെന്നാണ് റിപ്പോർട്ടുകൾ. മിക്കതും യുഎസ് സൈന്യം ജപ്പാനിൽ ഇട്ടവയാണ്. ഏകദേശം 1856 ടൺ ബോംബുകൾ പൊട്ടാതെ ഇവിടെ കിടപ്പുണ്ടെന്നാണ് കരുതുന്നത്. അപകടത്തിന്റെ കാരണവും അത് എവിടെയാണ് സംഭവിച്ചതെന്നും സ്ഥിരീകരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് എസ്ഡിഎഫ് അറിയിച്ചു.
© Copyright 2024. All Rights Reserved