
അന്റനാനാരിവോ നേപ്പാൾ മാതൃകയിലുള്ള ജെൻ സീ പ്രക്ഷോഭത്തെത്തുടർന്ന് ആഫ്രിക്കൻ ദ്വീപ് രാജ്യമായ മഡഗാസ്കറിലെ പ്രസിഡൻ്റ് അൻഡ്രി രജോലിന (51) രാജ്യം വിട്ടു. സൈന്യം പ്രക്ഷോഭകാരികൾക്കൊപ്പം ചേർന്നതിനെ തുടർന്ന് ഫ്രഞ്ച് സൈനിക വിമാനത്തിലാണ് ഞായറാഴ്‌ച പ്രസിഡൻ്റ് രാജ്യം വിട്ടത്. മുൻ ഫ്രഞ്ച് കോളനിയാണ് മഡഗാസ്‌കർ. കഴിഞ്ഞമാസം നേപ്പാളിൽ ജെൻ സീ പ്രക്ഷോഭത്തെ തുടർന്ന് പ്രധാനമന്ത്രി രാജിവച്ചിരുന്നു.
ജീവനു ഭീഷണിയുള്ളതിനാൽ സുരക്ഷിതമായ സ്‌ഥലത്തേക്ക് മാറേണ്ടിവന്നുവെന്ന് തിങ്കളാഴ്‌ച അജ്‌ഞാത കേന്ദ്രത്തിൽ നിന്ന് സമൂഹമാധ്യമത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രസിഡന്റ് അറിയിച്ചു. മഡഗാസ്കറിനെ നശിക്കാൻ അനുവദിക്കില്ലെന്നും പാർലമെൻ്റായ നാഷനൽ അസംബ്ലി പിരിച്ചുവിട്ടതായും പ്രഖ്യാപിച്ചു. ഭരണം സൈന്യം ഏറ്റെടുത്തു.
പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുമായി ഉടമ്പടി ഉണ്ടാക്കിയ ശേഷമാണ് അൻഡ്രി രജോലിന രാജ്യം വിട്ടതെന്ന് ഫ്രഞ്ച് റേഡിയോ വ്യക്തമാക്കി. സെപ്റ്റംബർ 25ന് തുടങ്ങിയ പ്രക്ഷോഭത്തിൽ ഇതുവരെ 22 പേർ കൊല്ലപ്പെട്ടു. വെള്ളം, വൈദ്യുതി എന്നിവയുടെ ദൗർലഭ്യം ചൂണ്ടിക്കാട്ടി തുടങ്ങിയ പ്രക്ഷോഭം വ്യാപിക്കുകയും അഴിമതിയും ദുർഭരണവും ഉന്നയിച്ച് കൂടുതൽ ശക്തമാകുകയും ചെയ്തു. പ്രസിഡൻ്റ് രാജിവയ്ക്കണമെന്ന് പ്രക്ഷോഭകർ ആവശ്യപ്പെട്ടിരുന്നു.
















© Copyright 2025. All Rights Reserved