രാജ്കോട്ട്: ടെസ്റ്റില്‍ ഇന്ത്യക്കായി വീണ്ടും കളിക്കാനുള്ള ആഗ്രഹം തുറന്നുപറഞ്ഞ് സീനിയര്‍ താരം ചേതേശ്വർ പുജാര. ഇന്ത്യൻ ടെസ്റ്റ് ടീമിൽ അവസരം കിട്ടിയാൽ കളിക്കാൻ തയ്യാറാണെന്ന് പുജാര പറഞ്ഞു. 103 ടെസ്റ്റിൽ കളിച്ചിട്ടുള്ള പുജാര ഏറെ നാളുകളായി ഇന്ത്യൻ ടീമിൽ നിന്ന് പുറത്താണ്. അടുത്ത മാസം ഇംഗ്ലണ്ടിനെതിരെ ഇന്ത്യ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയില്‍ കളിക്കാന്‍ തയാറെടുക്കവെയാണ് പൂജാര വീണ്ടും ടെസ്റ്റ് കളിക്കാനുള്ള മോഹം തുറന്നു പറഞ്ഞത്.
രോഹിത് ശർമ്മയും വിരാട് കോലിയും വിരമിച്ചതിന് ശേഷം നടക്കുന്ന ആദ്യ പരമ്പരയിൽ ഇന്ത്യയുടെ ബാറ്റിംഗ് നിര ദുർബലമാണെന്ന വിലയിരുത്തലുണ്ട്. ചേതേശ്വർ പുജാരയപ്പോലെ പരിചയ സമ്പന്നർ ടീമിൽ വേണമെന്ന വാദവും ശക്താണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ ടീമിൽ വീണ്ടും കളിക്കാൻ ആഗ്രഹമുണ്ടെന്നും ആഭ്യന്തര ക്രിക്കറ്റിൽ താനിപ്പോഴും മികച്ച പ്രകടനം നടത്തുന്നുണ്ടെന്നും പുജാര പറഞ്ഞത്.
ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവരണമെന്ന് കോച്ച് ഗൗതം ഗംഭീര്‍ ഫോണിലൂടെ ആവശ്യപ്പെട്ടോ എന്ന ചോദ്യത്തിന് ഇതുവരെയില്ലെന്നായിരുന്നു ലല്ലൻടോപ്പിന് നല്‍കിയ അഭിമുഖത്തില്‍ പൂജാരയുടെ മറുപടി. എപ്പോള്‍ വിളിച്ചാലും ഞാന്‍ കളിക്കാന്‍ തയാറാണ്. അവരെന്നെ വിളിക്കുമോ എന്നറിയില്ല. പക്ഷെ അവസരം നല്‍കിയാല്‍ തീര്‍ച്ചയായും കളിക്കും. രാജ്യത്തിനായി കളിക്കുക എന്നത് അഭിമാനമാണ്. കായികക്ഷമത നിലനിത്താൻ കഴിയുകയും ടീമിനായി സംഭാവന ചെയ്യാനാകുമെന്ന വിശ്വസാവുമുണ്ടെങ്കില്‍ തീര്‍ച്ചയായും കളിക്കാം. ആഭ്യന്തര ക്രിക്കറ്റിലും ഞാന്‍ മികവ് കാട്ടിയിരുന്നു. ഇപ്പോഴും നല്ല തയാറെടുപ്പുകൾ നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യക്കായി വീണ്ടും കളിക്കാന്‍ അവസരം കിട്ടിയാല്‍ സന്തോഷത്തോടെ സ്വീകരിക്കുമെന്നും പൂജാര പറഞ്ഞു.
37കാരനായ പുജാര 103 ടെസ്റ്റിൽ 19 സെഞ്ച്വറികളോടെ 7195 റൺസെടുത്തിട്ടുണ്ട്. 2023ൽ ഓസ്ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിലാണ് പുജാര അവസാനമായി ഇന്ത്യൻ ടീമിൽ കളിച്ചത്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലാത്ത പൂജാര ഇപ്പോഴും ആഭ്യന്തര ക്രിക്കറ്റില്‍ സജീവമാണ്.
© Copyright 2024. All Rights Reserved