അമേരിക്കൻ ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടെസ്‌ലയുടെ ഇന്ത്യ പ്രവേശനത്തിനുള്ള ഒരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഇന്ത്യയിൽ ആദ്യത്തെ ഷോറൂം തുറക്കുന്നതിനുള്ള പ്രോപ്പർട്ടിയും കമ്പനി അടുത്തിടെ അന്തിമമാക്കി. ഇപ്പോൾ കമ്പനി തങ്ങളുടെ വാഹനങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ഒരുങ്ങുകയാണ്. ഇതിനായി കമ്പനി ഒരു കംപ്ലീറ്റ് നോക്ക്ഡ് ഡൗൺ (സികെഡി) അസംബ്ലി പ്ലാന്റ് സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഈ അസംബ്ലി പ്ലാന്റിനായി കമ്പനി ഇന്ത്യയിൽ സ്ഥലം അന്വേഷിക്കാനും തുടങ്ങിയിട്ടുണ്ട്.
ടെസ്‌ല മഹാരാഷ്ട്രയിലെ സത്താറയിൽ ഒരു അസംബ്ലി പ്ലാന്റിനായി ഭൂമി അന്വേഷിക്കുന്നതായി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. ഇലക്ട്രിക് കാറുകളുടെ ഭാഗങ്ങൾ പ്രത്യേകം ഇറക്കുമതി ചെയ്ത് ഇവിടെ കൂട്ടിച്ചേർക്കുന്ന ഒരു സികെഡി പ്ലാന്റായിരിക്കും ഇത്. ഇത് വാഹനത്തിന്റെ വില കുറയ്ക്കാൻ സഹായിക്കും. ഹൈദരാബാദ് ആസ്ഥാനമായുള്ള മേഘ എഞ്ചിനീയറിംഗുമായി സംയുക്ത സംരംഭത്തെക്കുറിച്ച് ടെസ്‌ല നേരത്തെ ചർച്ച ചെയ്തിരുന്നു. എങ്കിലും, മേഘ എഞ്ചിനീയറിംഗുമായുള്ള ചർച്ചകളിൽ ഒരു തീരുമാനത്തിലോ കരാറിലോ എത്താൻ കഴിഞ്ഞിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. ഇതിനുപുറമെ, രാജ്യത്തെ മറ്റ് ചില കമ്പനികളുമായും ടെസ്‌ല ബന്ധപ്പെട്ടിരുന്നു, എന്നാൽ ഇതുവരെ ഒരു കരാറിലും അന്തിമ തീരുമാനമായിട്ടില്ല.
അതേസമയം മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിൽ (ബികെസി) ടെസ്‌ല തങ്ങളുടെ ആദ്യ ഷോറൂം തുറക്കുന്നതിനുള്ള കരാർ ഒപ്പിട്ടതായി കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വാർത്തകൾ വന്നു. ഇതിനായി, ബികെസിയിലെ ഒരു വാണിജ്യ ടവറിന്റെ താഴത്തെ നിലയിൽ 4,000 ചതുരശ്ര അടി സ്ഥലം കമ്പനി വാടകയ്‌ക്കെടുത്തിട്ടുണ്ട്. ചതുരശ്ര അടിക്ക് 900 രൂപ പ്രതിമാസ വാടകയാണെന്നാണ് പറയുന്നത്. അതായത് പ്രതിമാസം ഏകദേശം 35 ലക്ഷം രൂപ വരും
അടുത്ത വർഷം ഏപ്രിലോടെ ടെസ്‌ലയ്ക്ക് ഇന്ത്യൻ വിപണിയിൽ ഔദ്യോഗികമായി പ്രവേശിക്കും എന്നാണ് റിപ്പോർട്ടുകൾ. അടുത്തിടെ കമ്പനി ഇന്ത്യയിൽ മോഡൽ Y, മോഡൽ 3 എന്നിവയ്ക്കുള്ള ഹോമോലോഗേഷൻ അപേക്ഷകൾ ഫയൽ ചെയ്തിരുന്നു. ഈ അപേക്ഷകൾ സ്വീകരിച്ചാൽ ടെസ്‌ലയ്ക്ക് ഇന്ത്യയിൽ ഈ കാറുകൾ പുറത്തിറക്കാൻ അനുമതി ലഭിക്കും. ഇന്ത്യയിൽ പുതിയ കാർ പുറത്തിറക്കുന്നതിനു മുമ്പുള്ള അവസാന ഘട്ടങ്ങളിലൊന്നാണ് ഹോമോലോഗേഷൻ. ഇന്ത്യയിൽ നിർമ്മിച്ചതോ, ഇന്ത്യയിൽ അസംബിൾ ചെയ്തതോ, കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റ് (CBU) വഴി ഇന്ത്യയിലേക്ക് കൊണ്ടുവന്നതോ ആയ എല്ലാ കാറുകൾക്കും ഇത് ബാധകമാണ്.
മുംബൈയിലും പൂനെയിലും വിവിധ തസ്തികകളിലേക്കുള്ള ജോലി ഒഴിവിലേക്കും കമ്പനി അപേക്ഷകളും ക്ഷണിച്ചിട്ടുണ്ട്. ഇനി ടെസ്‌ലയുടെ അടുത്ത ഘട്ടം ഇന്ത്യയ്ക്കായി പുറത്തിറക്കുന്ന മോഡലുകൾക്ക് അന്തിമരൂപം നൽകുക എന്നതാണ്.
© Copyright 2024. All Rights Reserved