
വാഷിങ്ടൻ ഗാസ സമാധാന പദ്ധതിയുടെ പ്രതിഫലനം യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിലും ഉണ്ടാകുമെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി. കൂടുതൽ സൈനിക സഹായം തേടി യുഎസിലെത്തിയ ശേഷമാണ് സെലൻസ്‌കിയുടെ പ്രതികരണം. ശക്തിയുടെയും നീതിയുടെയും ഭാഷ റഷ്യയ്ക്കെതിരെ അനിവാര്യമായും ഉണ്ടാകുമെന്നും വൊളോഡിമിർ സെലൻസി പറഞ്ഞു.
"നാളെ, ഡോണൾഡ് ട്രംപുമായുള്ള ഒരു കുടിക്കാഴ്ച തീരുമാനിച്ചിട്ടുണ്ട്. ഗാസയിൽ ഭീകരതയും യുദ്ധവും തടഞ്ഞ വേഗത യുക്രെയ്നിനെതിരായ റഷ്യയുടെ യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു" - സെലൻസ്കി എക്സിൽ കുറിച്ചു. ട്രംപുമായുള്ള കൂടിക്കാഴ്‌ചയിൽ, യുക്രെയ്നിൽ നിന്ന് റഷ്യയിലേക്ക് എത്താൻ കഴിവുള്ള യുഎസ് ദീർഘദൂര ടോമാഹോക്ക് മിസൈലുകളുടെ വിതരണം സംബന്ധിച്ച് സെലൻസ്കി ചർച്ച നടത്തും. ടോമാഹോക്കുകളെ കുറിച്ചു കേട്ടയുടനെ സംഭാഷണം പുനരാരംഭിക്കാൻ റഷ്യ തിടുക്കം കാട്ടുന്നുവെന്നാണ് സെലൻസ്കി പറയുന്നത്. യുഎസ് പ്രതിരോധ കമ്പനികളുമായും സെലൻസ്‌കി ആശയവിനിമയം നടത്തുന്നുണ്ട്.
ടോമാഹോക്കുകൾ വിതരണം ചെയ്യുന്നത് സമാധാന ശ്രമങ്ങളെ അപകടത്തിലാക്കുമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുട്ടിൻ ഡോണൾഡ് ട്രംപിനോട് പറഞ്ഞ് മണിക്കൂറുകൾക്കു ശേഷമാണ് സൈലൻസ്കിയുടെ പ്രതികരണം പുറത്തുവരുന്നത്. യുക്രെയ്‌ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്‌റ്റിൽ താനും പുട്ടിനും വീണ്ടും കുടിക്കാഴ്ച നടത്തുമെന്നാണ് ട്രംപ് പറഞ്ഞത്. കുടിക്കാഴ്ചയുടെ തീയതി തീരുമാനിച്ചിട്ടില്ല. നേരത്തെ, വിഷയത്തിൽ ഇരുനേതാക്കളും ഓഗസ്റ്റ‌് 15ന് അലാസ്ക്കയിൽ ചർച്ച നടത്തിയിരുന്നു.
















© Copyright 2025. All Rights Reserved