
ന്യൂഡൽഹി ' യുഎസ് പ്രസിഡൻ്റ് മുന്നോട്ട് വച്ച ഗാസ സമാധാന പദ്ധതിയുടെ വിജയത്തിൽ ഡോണൾഡ് ട്രംപിനെയും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെയും അഭിനന്ദിച്ച് നരേന്ദ്ര മോദി. "എൻ്റെ സുഹൃത്ത് പ്രസിഡൻ്റ് ട്രംപുമായി സംസാരിക്കുകയും ചരിത്രപരമായ ഗാസ സമാധാന പദ്ധതിയുടെ വിജയത്തിൽ അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്‌തു. വ്യാപാര ചർച്ചകളിൽ കൈവരിച്ച നല്ല പുരോഗതിയും വിലയിരുത്തി. വരും ആഴ്ചകളിൽ അടുത്ത ബന്ധം പുലർത്താൻ ധാരണയായി"-പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ഒരു തരത്തിലുമുള്ള ഭീകരവാദത്തെ ലോകത്ത് എവിടെയും അംഗീകരിക്കാനാവില്ലെന്ന് എക്‌സിൽ പങ്കുവച്ച മറ്റൊരു കുറിപ്പിൽ പ്രധാനമന്ത്രി പറഞ്ഞു. "ട്രംപിൻ്റെ ഗാസ സമാധാന പദ്ധതിക്ക് കീഴിൽ കൈവരിച്ച പുരോഗതിയിൽ അഭിനന്ദനം അറിയിക്കാൻ സുഹൃത്തായ പ്രധാനമന്ത്രി നെതന്യാഹുവിനെ വിളിച്ചു. ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള കരാറിനെയും ഗാസയിലെ ജനങ്ങൾക്ക് വർധിപ്പിച്ച മാനുഷിക സഹായത്തെയും സ്വാഗതം ചെയ്യുന്നു. ഭീകരവാദം ഏതൊരു രൂപത്തിലായാലും ഭാവത്തിലായാലും ലോകത്ത് എവിടെയും അംഗീകരിക്കാനാവില്ലെന്ന് വീണ്ടും ഉറപ്പിച്ചു പറയുന്നു"- മോദി എക്‌സിൽ കുറിച്ചു.
ഗാസ വെടിനിർത്തൽ-ബന്ദി മോചന കരാറിൻ്റെ ആദ്യഘട്ടത്തിൽ എല്ലാ കക്ഷികളും ഒപ്പുവെച്ചതായി ഇന്ന് രാവിലെ ഇസ്രായേൽ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ മാസം ട്രംപ് പ്രഖ്യാപിച്ച ഗാസയ്ക്കായുള്ള സമാധാന പദ്ധതിയെ തുടർന്നാണ് ഈജിപ്‌തിൽ ഈ കരാർ നിലവിൽ വന്നത്. ട്രംപ് ഞായറാഴ്‌ച ജറുസലം സന്ദർശിച്ചേക്കും.
















© Copyright 2025. All Rights Reserved