
ടെഹ്റാൻ ഐക്യരാഷ്ട്രസംഘടനയുടെ ആണവ നിരീക്ഷണ സംഘടനയായ ഐഎഇഎയുമായുള്ള സഹകരണ കരാർ റദ്ദാക്കിയതായി സ്‌ഥിരീകരിച്ച് ഇറാൻ. ഐ.എഇഎയുമായി സെപ്റ്റംബറിൽ ഒപ്പുവച്ച സഹകരണ കരാർ ആണ് ഇറാൻ റദ്ദാക്കിയത്. ഇറാൻ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി അറിയിച്ചു. ഐക്യരാഷ്ട്രസംഘടന ഇറാനെതിരായ ഉപരോധങ്ങൾ പുനഃസ്‌ഥാപിച്ചാൽ, ഐഎഇഎയ്ക്ക് തങ്ങളുടെ ആണവ കേന്ദ്രങ്ങളിൽ പരിശോധന പുനരാരംഭിക്കാൻ അനുവദിക്കുന്ന കരാർ ആണ് അവസാനിപ്പിക്കുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി മുന്ന് ആഴ്ച മുൻപ് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് കരാറിൽ നിന്ന് ഇറാൻ പിന്മാറിയത്.
അതിനിടെ ആണവവിഷയത്തിൽ ചർച്ചയ്ക്കുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ ക്ഷണം ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി നിരസിച്ചു. ഇറാനിലെ ആണവകേന്ദ്രങ്ങളെല്ലാം തകർത്തെന്ന ട്രംപിൻ്റെ അവകാശവാദം തള്ളിയതിന് പിന്നാലെയാണ് ക്ഷണം നിരസിച്ചത്. ജൂണിൽ ഇറാനും യുഎസും അഞ്ചു വട്ടം ചർച്ചകൾ പൂർത്തിയാക്കിയപ്പോഴായിരുന്നു ഇസ്രയേലും യുഎസും 12 ദിവസം ഇറാൻ്റെ ആണവകേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയത്. ഈ ആക്രമണത്തിൽ ആണവകേന്ദ്രങ്ങളെല്ലാം തകർത്തെന്നായിരുന്നു അവകാശവാദം. ഊർജാവശ്യങ്ങൾക്കു വേണ്ടിയാണ് ഇറാന്റെ ആണവപരീക്ഷണമെന്നും മറിച്ചുള്ള വാദങ്ങൾ തെറ്റാണെന്നും ഖമനയി പറഞ്ഞു.
















© Copyright 2025. All Rights Reserved