ഇറക്കുമതി തീരുവകള്‍ നടപ്പിലാക്കുന്നത് തടഞ്ഞുകൊണ്ടുള്ള കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കി ട്രംപ് ഭരണകൂടം. യുണൈറ്റഡ് സ്റ്റേറ്റ്‌സ് കോര്‍ട്ട് ഓഫ് അപ്പീല്‍സിനെയാണ് സര്‍ക്കാര്‍ സമീപിച്ചിരിക്കുന്നത്. ചൈനയില്‍ നിന്നും മറ്റ് പ്രധാന വ്യാപാര പങ്കാളികളില്‍ നിന്നുമുള്ള ഇറക്കുമതിക്ക് നികുതി ചുമത്തുന്നതില്‍ ഡൊണാള്‍ഡ് ട്രംപിന് 'അനിയന്ത്രിതമായ അധികാരമില്ലെന്ന്' കണ്ടെത്തി ഫെഡറല്‍ ജഡ്ജിമാരുടെ ഒരു പാനല്‍ കടുത്ത തീരുവകള്‍ നടപ്പിലാക്കുന്നത് തടഞ്ഞിരുന്നു. യുഎസ് കോര്‍ട്ട് ഓഫ് ഇന്റര്‍നാഷണല്‍ ട്രേഡിന്റെ ഈ തീരുമാനം ട്രംപിന്റെ താരിഫ് തന്ത്രത്തിന് വലിയ തിരിച്ചടിയാണ്. മറ്റ് രാജ്യങ്ങളെ യുഎസിന് കൂടുതല്‍ അനുകൂലമായ വ്യാപാര കരാറുകളിലേക്ക് കൊണ്ടുവരാനുള്ള നീക്കത്തെ ദുര്‍ബലപ്പെടുത്തുന്നതാണ് വിധി.
പ്രസിഡന്‍ഷ്യല്‍ ചരിത്രത്തിലെ ആദ്യ സംഭവം
ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് അനുസരിച്ച്, തീരുവ ചുമത്തുന്നതിനായി ട്രംപ് 1977-ലെ ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി എക്കണോമിക് പവേഴ്‌സ് ആക്റ്റ് ഉപയോഗിച്ചത് അസാധാരണമാണ്. ഈ നിയമം സാധാരണയായി ഉപരോധങ്ങള്‍ക്കും നിരോധനങ്ങള്‍ക്കുമാണ് ബാധകമാകുന്നത്, തീരുവകളെക്കുറിച്ച് ഇതില്‍ പരാമര്‍ശമില്ല. എന്നിട്ടും, ഏപ്രിലില്‍ വലിയ തോതിലുള്ള ഇറക്കുമതി തീരുവകള്‍ പ്രഖ്യാപിക്കാനും പിന്നീട് നിര്‍ത്തിവെക്കാനും ട്രംപ് ഈ നിയമത്തെ ആശ്രയിച്ചു.
തീരുവ അധികാരം അതിരു കടന്നതായി കോടതിയുടെ കണ്ടെത്തല്‍
ടംപിന്റെ തീരുവകള്‍ ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി എക്കണോമിക് പവേഴ്‌സ് ആക്റ്റ് പ്രകാരം അനുവദിച്ചിട്ടുള്ള 'എല്ലാ അധികാരങ്ങളെയും ലംഘിക്കുന്നതായി' കോര്‍ട്ട് ഓഫ് ഇന്റര്‍നാഷണല്‍ ട്രേഡ് കണ്ടെത്തി. സംസ്ഥാനങ്ങളും ബിസിനസ്സുകളും ഫയല്‍ ചെയ്ത കേസുകള്‍ പരിഗണിച്ച മൂന്ന് ജഡ്ജിമാരുടെ പാനല്‍, പല തീരുവകളും 'നിയമവിരുദ്ധമായി' പുറപ്പെടുവിച്ചതാണെന്ന് കുറ്റപ്പെടുത്തി. ഔപചാരിക നടപടികളിലൂടെ തീരുവകള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കാന്‍ ഭരണകൂടത്തിന് 10 ദിവസം വരെ സമയം വിധി അനുവദിച്ചിട്ടുണ്ട്. ഇതിന് മറുപടിയായാണ് ട്രംപ് ഭരണകൂടം ഉടന്‍തന്നെ യുഎസ് കോര്‍ട്ട് ഓഫ് അപ്പീല്‍സ് ഫോര്‍ ദി ഫെഡറല്‍ സര്‍ക്യൂട്ടില്‍ അപ്പീല്‍ ഫയല്‍ ചെയ്തത്.
നിലവില്‍, ഈ തീരുമാനം ഏകദേശം 18 രാജ്യങ്ങളുമായുള്ള ട്രംപിന്റെ വ്യാപാര ചര്‍ച്ചകളെ ദുര്‍ബലപ്പെടുത്താന്‍ സാധ്യതയുണ്ട്. അഞ്ച് അമേരിക്കന്‍ ബിസിനസ്സുകളും 13 യുഎസ് സംസ്ഥാനങ്ങളും ഫയല്‍ ചെയ്ത രണ്ട് കേസുകള്‍ക്ക് ശേഷമാണ് ഈ വിധി വന്നത്. ഒരു വൈന്‍ ഇറക്കുമതിക്കാരനും ഒരു വിദ്യാഭ്യാസ കിറ്റ് നിര്‍മ്മാതാവും ഉള്‍പ്പെടെയുള്ള കമ്പനികള്‍, തീരുവകള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് വാദിച്ചു. 10% മുതല്‍ 54% വരെയായിരുന്നു ഇവയ്ക്കുള്ള തീരുവകള്‍.
© Copyright 2024. All Rights Reserved