അബുദാബി: മിഡിൽഈസ്റ്റ് പര്യടനത്തിന്റെ ഭാഗമായി യുഎഇയിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ `ഓർഡർ ഓഫ് സായിദ്' ബഹുമതി നൽകി ആദരിച്ചു. യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയാണ് `ഓർഡർ ഓഫ് സായിദ്'. ട്രംപിന്റെ സന്ദർശനത്തിന്റെ ഭാഗമായി അൽ വതാനിൽ ഒരുക്കിയ ചടങ്ങിൽ വെച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആണ് സമ്മാനം നൽകി ആദരിച്ചത്.
ശുദ്ധമായ സ്വർണം കൊണ്ട് നിർമിച്ചതാണ് ഈ മെഡൽ. വർഷങ്ങളായി ലോകമെമ്പാടുമുള്ള പ്രസിഡന്റുമാർക്കും വിശിഷ്ട വ്യക്തികൾക്കുമാണ് ആ മെഡൽ സമ്മാനിക്കുന്നത്. യുഎഇ സ്ഥാപകനും രാഷ്ട്രപിതാവുമായ ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്. 2008ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന ജോർജ് ഡബ്ല്യു ബുഷിന് ശേഷം ഈ ബഹുമതി ലഭിക്കുന്ന ആദ്യ യുഎസ് പ്രസിഡന്റാണ് ട്രംപ്. ഖസ്ർ അൽ വതാനിൽ എത്തിയ ട്രംപ് യുഎഇ പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ വിഐപി ഗസ്റ്റ്ബുക്കിൽ ഒപ്പുവെക്കുകയും ചെയ്തു. കൂടാതെ, ഹസ്സ അൽ മൻസൂരിയും സുൽത്താൻ അൽ നിയാദിയും അടക്കമുള്ള യുഎഇ ബഹിരാകാശ യാത്രികരുമായി സംസാരിക്കുകയും ചെയ്തു.
© Copyright 2024. All Rights Reserved