ട്രംപിന് ഖത്തർ നൽകിയ സ്വപ്ന സമ്മാനം, 400 മില്യൺ ഡോള‌റിന്‍റെ ബോയിങ് 747 അമേരിക്കൻ പ്രസിഡന്‍റിന്‍റെ എയർഫോഴ്സ് 1 ആക്കി മാറ്റുന്നു

30/07/25

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് ഖത്തർ സമ്മാനിച്ച കൂറ്റൻ ആഡംബര ജെറ്റ്, പ്രസിഡണ്ടിന് സഞ്ചരിക്കാനുള്ള എയർഫോഴ്സ് 1 ആക്കി മാറ്റാനുള്ള ഒരുക്കങ്ങൾ അമേരിക്ക തുടങ്ങിയതായി റിപ്പോർട്ട്. അമേരിക്കൻ മാധ്യമമായ സി ബി എസ് ആണ് വിവരങ്ങൾ പുറത്തുവിട്ടത്. ബോയിങ് 747-8 ജംബോ വിമാനമാണ് ഡോണൾഡ് ട്രംപിന് ഖത്തർ സമ്മാനിച്ചിരുന്നത്. ഈ വിമാനം ഒരുങ്ങുന്നത് പ്രസിഡണ്ടുമായി പറക്കുന്ന എയർ ഫോഴ്സ് ആകാൻ തന്നെയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഇഷ്ടമുള്ള ഏതാവശ്യത്തിനും ഉപയോഗിക്കാമെന്ന ധാരണയിലാണ് 400 മില്യൺ ഡോള‌ർ വിലവരുന്ന ജെറ്റ് സമ്മാനിച്ചത്. ഏതാണ്ട് 3340 കോടി രൂപയുടെ ഈ സമ്മാനം സ്വീകരിക്കുന്നതിൽ ഒരു തർക്കവുമില്ലെന്ന് ട്രംപ് അന്നുതന്നെ വ്യക്തമാക്കിയിരുന്നു. അമേരിക്കയിൽ ഡെമോക്രാറ്റിക് പ്രതിനിധി റിച്ചി ടോറസ് ഇക്കാര്യത്തിൽ പരാതിയും നൽകിയിരുന്നു. വിമാനം സംബന്ധിച്ച സമഗ്ര കരാർ ഈ ആഴ്ച്ചയിൽ അമേരിക്കയും ഖത്തറും തമ്മിൽ പൂർത്തിയാക്കും. പിന്നെ, പ്രസിഡണ്ടിനുള്ള വിമാനമാക്കി മാറ്റാനുള്ള പണി ടെക്സാസിൽ എയർഫോഴ്സ് തുടങ്ങും. ഒന്നും രണ്ടുമല്ല, നൂറുകണക്കിന് മില്യൺ ചെലവാണ് പുതുക്കുന്നതിന് എന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രതിരോധ സെക്രട്ടറി ബോയിങ് 747 വിമാനം ഖത്തറില്‍ നിന്ന് എല്ലാ ഫെഡറല്‍ നിയമങ്ങളും മാനദണ്ഡങ്ങളും പാലിച്ചു കൊണ്ട് സ്വീകരിച്ചതായി ചീഫ് പെന്‍റഗൺ വക്താവ് സീൻ പാര്‍നൽ നേരത്തെ വ്യക്തമാക്കിയിരുന്നു. എയര്‍ ഫോഴ്സ് വൺ ഫ്ലീറ്റിലേക്ക് ഉൾപ്പെടുത്താന്‍ വേണ്ട ആവശ്യകതകൾക്ക് അനുസരിച്ച് ബോയിംഗ് 747 ജെറ്റില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഖത്തറിന്‍റെ ഈ സമ്മാനം നിയമപരമാണെന്നാണ് വൈറ്റ് ഹൗസും അറിയിച്ചിട്ടുള്ളത്. എന്നാല്‍ ട്രംപിന് ഖത്തര്‍ നല്‍കുന്ന ഈ സമ്മാനത്തിന്‍റെ വിവരം വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. അതെല്ലാം ട്രംപ് അടക്കമുള്ളവർ തള്ളിക്കളഞ്ഞിരുന്നു.

അവര്‍ നമുക്കൊരു സമ്മാനം നല്‍കുകയാണെന്നും അത് സ്വീകരിച്ചില്ലെങ്കില്‍ വിഡ്ഢിത്തം ആകുമെന്നാണ് ട്രംപ് പ്രതികരിച്ചത്. പ്രസിഡന്‍റിന്‍റെ ഉപയോഗത്തിനായുള്ള 2 എയർ ഫോഴ്സ് വൺ വിമാനങ്ങൾക്ക് 35 കൊല്ലത്തെ പഴക്കമുണ്ട്. അതേസമയം ഖത്തർ സമ്മാനമായി നൽകിയ ബോയിങ്ങിന് 13 കൊല്ലത്തെ പഴക്കമേയുള്ളൂ. ഇതിനെ എയർ ഫോഴ്സ് വൺ ആയി പുതുക്കിയെടുക്കാൻ 100 കോടി ഡോളറെങ്കിലും വേണ്ടിവരും. എന്നാല്‍ പുതിയൊരു ബോയിങ് 747 വിമാനത്തിന് ഏകദേശം 40 കോടി ഡോളറാണ് വില. പുതിയ വിമാനം ലഭിക്കാനുള്ള കാലതാമസം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഖത്തറിന്‍റെ സമ്മാനം സ്വീകരിച്ചത്. ഖത്തർ രാജകുടുംബം സമ്മാനമായി നൽകിയ ബോയിംഗ് 747, പ്രസിഡന്‍റിന്‍റെ എയർഫോഴ്സ് 1 ആക്കിമാറ്റിയാൽ ട്രംപിന്‍റെ ഭരണ കാലാവധി അവസാനിക്കുന്നതിന് മുമ്പ് പ്രസിഡൻഷ്യൽ ലൈബ്രറിയിലേക്ക് ജെറ്റിന്റെ ഉടമസ്ഥാവകാശം കൈമാറുമെന്നാണ് വിവരം.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu