ജറുസലം ഗാസയിൽ ബന്ദികളിൽ ജീവനോടെ ശേഷിക്കുന്ന ഏക
യുഎസ് പൗരനെ ഹമാസ് മോചിപ്പിച്ചു. യുഎസ്-ഇസ്രയേൽ ഇരട്ടപൗരത്വമുള്ള ഈഡൻ അലക്‌സാണ്ടറെയാണ് (22) ഇന്നലെ ഹമാസ് റെഡ് ക്രോസിനു കൈമാറിയത്. റെഡ് ക്രോസിൽനിന്ന് ഇസ്രയേൽ സൈന്യം ഈഡനെ ഏറ്റുവാങ്ങും. ഈഡനെ സ്വീകരിക്കാൻ യുഎസിലെ ടെക്സിലുള്ള മാതാപിതാക്കളും സഹോദരങ്ങളും ഇസ്രയേലിൽ എത്തിയിട്ടുണ്ട്. ട്രംപ് ഭരണകൂടവുമായി അനുനയത്തിൽ പോകാനുള്ള ഹമാസിന്റെ താൽപര്യമാണ് ഈഡൻ്റെ മോചനം സാധ്യമാക്കിയത്. ഇതിനായി യുഎസ്-ഹമാസ് നേരിട്ടു ചർച്ച നടത്തിയിരുന്നു. ഗാസയിൽ ഇനി 59 ബന്ദികൾ ജീവനോടെ ശേഷിക്കുന്നുണ്ടെന്നാണ് ഇസ്രയേലിന്റെ കണക്ക്.
അതിനിടെ, ജബാലിയയിൽ അഭയകേന്ദ്രമായ സ്‌കൂളിൽ ഇസ്രയേൽ നടത്തിയ ബോംബിങ്ങിൽ 5 കുട്ടികളും 4 സ്ത്രീകളുമടക്കം 16 പലസ്തീൻകാർ കൊല്ലപ്പെട്ടു. 94 പേർക്കു പരുക്കേറ്റു. 24 മണിക്കൂറിനിടെ ആകെ മരണം 33. ഗാസയടക്കം വിഷയങ്ങൾ ചർച്ച ചെയ്യാനായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ 3 ദിവസത്തെ ഗൾഫ് സന്ദർശനം ഇന്നാണ് ആരംഭിക്കുന്നത്. സൗദിയിലാണ് ആദ്യമെത്തുക. നാളെ റിയാദിൽ ഗൾഫ് ഉച്ചകോടിയിൽ പങ്കെടുക്കും. തുടർന്ന് ഖത്തർ, യുഎഇ എന്നീ രാജ്യങ്ങളും സന്ദർശിക്കും…
© Copyright 2024. All Rights Reserved