കീവ് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുട്ടിനും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ ബുഡാപെസ്‌റ്റിൽ നടത്താനിരുന്ന ഉച്ചകോടി റദ്ദാക്കിയതിനു പിന്നാലെ യുക്രെയ്‌നിൽ ആക്രമണം കടുപ്പിച്ച് റഷ്യ. ഹർകീവിലെ കിൻഡർഗാർട്ടൻ ലക്ഷ്യമാക്കി റഷ്യ നടത്തിയ ആക്രമണത്തിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ ആറു പേർ കൊല്ലപ്പെട്ടു. കുട്ടികൾ ഉൾപ്പെടെ 27 പേർക്ക് പരുക്കേറ്റു. ആക്രമണത്തിനു പിന്നാലെ പലയിടത്തും തീപിടിത്തമുണ്ടാകുകയും രാജ്യവ്യാപകമായി വൈദ്യുതി മുടങ്ങുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.
ശൈത്യകാലത്തിന് മുന്നോടിയായി യുക്രെയ്‌നിലെ ഊർജ മേഖലയെ തകർക്കാനുള്ള ആസൂത്രിതമായ നീക്കമാണിതെന്നും ഒരു മാസത്തിനിടെ രണ്ടാം തവണയാണ് സമാനമായ ആക്രമണം നടത്തുന്നതെന്നും യുക്രെയ്ൻ ഊർജമന്ത്രി സ്വീറ്റ്ലാന ഹിൻ ചുക് പറഞ്ഞു. ഊർജ നിലയങ്ങളിലെ അറ്റകുറ്റപ്പണിക്ക് നിയോഗിച്ച സംഘങ്ങളെയും റഷ്യ ലക്ഷ്യമിടുന്നുണ്ടെന്ന് ഹിൻചുക് പറഞ്ഞു.
അതേസമയം, സ്‌റ്റോം ഷാഡോ മിസൈലുകൾ ഉപയോഗിച്ച് റഷ്യയിലെ ബ്രയാൻസ്‌കിലുള്ള കെമിക്കൽ പ്ലാൻ്റിൽ ആക്രമണം നടത്തിയതായി യുക്രെയ്ൻ സൈന്യം അറിയിച്ചു. വെടിമരുന്നും സ്ഫോടകവസ്തുതുക്കളും റോക്കറ്റ് ഇന്ധനവും ഉണ്ടാക്കുന്ന പ്ലാന്റാണിത്. ഇതേസമയം, ആണവായുധങ്ങൾ ഉൾപ്പെടുത്തിയുള്ള പരിശീലന അഭ്യാസങ്ങൾ ഇന്നലെ നടത്തിയതായി റഷ്യ അറിയിച്ചു.
യുക്രെയ്ൻ യുദ്ധമുന്നണിയിലെ തൽസ്‌ഥിതി തുടരാനുള്ള തന്റെ നിർദേശത്തിൽ റഷ്യ അതൃപ്‌തി അറിയിച്ചതാണ് ഉച്ചകോടി ഉടനെ വേണ്ടെന്നു തീരുമാനിക്കാൻ യുഎസ് പ്രസിഡൻ്റിനെ പ്രേരിപ്പിച്ചതെന്നു കരുതുന്നു. പിടിച്ചെടുത്ത യുക്രെയ്ൻ മേഖലകൾ ഏതൊക്കെ റഷ്യയ്ക്കു വിട്ടുകൊടുക്കണമെന്ന കാര്യത്തിലാണ് അഭിപ്രായവ്യത്യാസം.
















© Copyright 2025. All Rights Reserved