
ക്വാലലംപുർ ഏഷ്യയിൽ ത്രിരാഷ്ട്ര സന്ദർശനത്തിനെത്തിയ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെ സാക്ഷിയാക്കി തായ്‌ലൻഡും കംബോഡിയയും സമാധാന കരാർ ഒപ്പിട്ടു. അതിർത്തി തർക്കത്തിൽ തുടങ്ങി പൊടുന്നനെ വിപുലമായ കംബോഡിയ തായ്ലൻഡ് സംഘർഷമാണ് കഴിഞ്ഞ ജുലൈയിൽ ഉണ്ടായത്.
തുടർന്നുണ്ടായ വെടിനിർത്തൽ നീട്ടിക്കൊണ്ടുള്ള ഔദ്യോഗിക കരാറാണ് മേഖലയിൽ സമാധാനം പുനഃസ്‌ഥാപിക്കാൻ സജീവമായി ഇടപെട്ട ട്രംപിന്റെ സാന്നിധ്യത്തിൽ ഇന്നലെ ഒപ്പിട്ടത്.
കംബോഡിയ പ്രധാനമന്ത്രി ഹുൻ മാനെറ്റും തായ്ലൻഡ് പ്രധാനമന്ത്രി അനുതിൻ ചാൺവീരാകോളുമാണ് കരാറിൽ ഒപ്പുവച്ചത്. മലേഷ്യയിൽ ഇന്നലെയെത്തിയ ട്രംപ് ആസിയാൻ വാർഷിക ഉച്ചകോടിയെ ആദ്യ ഇനമാക്കി ഏഷ്യ സന്ദർശനത്തുടക്കം തന്നെ പൊലിപ്പിച്ചു; സമാധാന നേതാവായി സ്വയം ഉയർത്തിക്കാട്ടി.
കംബോഡിയ -തായ്‌ലൻഡ് സംഘർഷം രുക്ഷമാകുകയായിരുന്നെന്നും പെട്ടെന്നു തന്നെ താനിടപെട്ട് അവസാനിപ്പിച്ചെന്നും ട്രംപ് പറഞ്ഞു. 'ക്വാലലംപുർ പീസ് എകോഡ്‌സ്' എന്നാണ് ട്രംപ് ഈ കരാറിനെ വിശേഷിപ്പിച്ചത്. കംബോഡിയ - തായ്‌ലൻഡ് സമാധാന കരാർ അനുസരിച്ച്, സംഘർഷകാലത്തു തടവിലാക്കിയ 18 കംബോഡിയൻ സൈനികരെ തായ്‌ലൻഡ് മോചിപ്പിക്കും.
ഇരുരാജ്യങ്ങളുമായും മലേഷ്യയുമായും യുഎസ് വ്യാപാരകരാർ ഒപ്പിട്ടതായും ട്രംപ് വ്യക്‌തമാക്കി. ജപ്പാനും ദക്ഷിണ കൊറിയയും കുടി സന്ദർശിച്ച ശേഷമാണ് ട്രംപ് മടങ്ങുക. ഇതിനിടെ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായി കൂടിക്കാഴ്‌ച നടത്താൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
















© Copyright 2025. All Rights Reserved