വാഷിങ്ടണ്‍: ട്രംപ് ഭരണകൂടത്തിലെ കാര്യക്ഷമതാ വകുപ്പിന്‍റെ മേധാവി (DOGE) എന്ന സ്ഥാനത്ത് നിന്ന് എലോണ്‍ മസ്ക് പടിയിറങ്ങുന്നു. ട്രംപിന്റെ ഉന്നത ഉപദേഷ്ടാവ് എന്ന സ്ഥാനത്ത് നിന്നാണ് പുറത്തുപോകുന്നത്. കാര്യക്ഷമതാ വകുപ്പിലെ പ്രത്യേക സർക്കാർ ജീവനക്കാരൻ എന്ന നിലയിലുള്ള തന്റെ കാലാവധി അവസാനിക്കുമ്പോൾ പ്രസിഡന്റ് ട്രംപിന് നന്ദി എന്നാണ് മസ്ക് സമൂഹ മാധ്യമമായ എക്സിൽ കുറിച്ചത്.
"ഒരു പ്രത്യേക സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന നിലയില്‍ എന്‍റെ ഷെഡ്യൂള്‍ ചെയ്ത സമയം അവസാനിക്കുമ്പോള്‍, ചെലവുകള്‍ കുറയ്ക്കാന്‍ അവസരം നല്‍കിയതിന് പ്രസിഡന്‍റിന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഡോജ് മിഷൻ കാലക്രമേണ ശക്തിപ്പെടും. അത് സര്‍ക്കാരിന്‍റെ രീതിയായി മാറും"- മസ്‌ക് എക്‌സില്‍ കുറിച്ചു.
ട്രംപിനെതിരെ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് മസ്കിന്റെ പടിയിറക്കം. സർക്കാരിന്‍റെ ക്ഷേമ പദ്ധതികൾക്കായുള്ള ചെലവുകൾ കുത്തനെ കൂട്ടാനും ആഭ്യന്തര നികുതികൾ കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള ബില്ലാണ് ട്രംപ് കൊണ്ടുവന്നത്. എന്നാൽ സർക്കാരിന്‍റെ അധിക ചെലവ് നിയന്ത്രിക്കാൻ ആവിഷ്കരിച്ച ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ പ്രവർത്തന ലക്ഷ്യത്തെ തന്നെ തകർക്കുന്നതാണ് ട്രംപിന്റെ പുതിയ ബില്ലെന്ന് മസ്ക് ആഞ്ഞടിച്ചു. ബിൽ നിരാശാജനകമാണെന്നും യുഎസ് ഗവൺമെന്റിന്റെ സാമ്പത്തികഭാരം കുറയ്ക്കുന്നതിന് പകരം കൂട്ടാനുള്ള ബില്ലാണിതെന്നും മസ്ക് വിമർശിച്ചു. ബില്ലിന് ഒരേസമയം ബിഗ്, ബ്യൂട്ടിഫുൾ ആകാനാവില്ല. അതിലേതെങ്കിലും ഒന്നേ ആവാൻ പറ്റൂ എന്നും മസ്ക് പറഞ്ഞു.
© Copyright 2024. All Rights Reserved