കീവ് യുക്രെയ്‌നിലെ വിവിധമേഖലകളിൽ റഷ്യയുടെ കനത്ത ഡ്രോൺ ആക്രമണം. പടിഞ്ഞാറ് പോളണ്ട് അതിർത്തിക്കടുത്ത സൈനികവിമാനത്താവളത്തിൽ നാശമുണ്ടായി. 479 റഷ്യൻ ഡ്രോണുകളിൽ 460 എണ്ണവും 20 മിസൈലുകളിൽ 19 എണ്ണവും വെടിവച്ചിട്ടെന്ന് യുക്രെയ്ൻ അവകാശപ്പെട്ടു. ആഴ്‌ചകളായി ഏറ്റുമുട്ടൽ നടക്കുന്ന നിപ്രോപെട്രോവ്‌സ്‌ക് പ്രവിശ്യയിലെ തന്ത്രപ്രധാനമായ പ്രദേശം പിടിച്ചെടുത്തതായി റഷ്യൻ സേന അവകാശപ്പെട്ടു. ഇതോടെ കിഴക്കൻ പ്രവിശ്യയായ ഡോണെറ്റ്സിൽ ചെറുത്തുനിൽപ് തുടരുന്ന യുക്രെയ്ൻ സേനയ്ക്കു സഹായമെത്തിക്കാനുള്ള വഴിയടയും.
പോളണ്ട് അതിർത്തിയിൽനിന്ന് 60 കിലോമീറ്റർ അകലെയുള്ള ദുബ്നോ നഗരത്തിലെ എയർഫീൽഡാണ് റഷ്യ ഇന്നലെ ആക്രമിച്ചത്. സ്വന്തം വ്യോമമേഖല പ്രതിരോധിക്കാൻ പോളണ്ടും പോർവിമാനങ്ങൾ സജ്‌ജമാക്കിയിരുന്നു. ഈ മാസാദ്യം റഷ്യൻ വിമാനങ്ങൾ തകർത്ത യുക്രെയ്ൻ ആക്രമണത്തിനു തിരിച്ചടിയാണിതെന്നു റഷ്യ പ്രതിരോധമന്ത്രാലയം പറഞ്ഞു. അതിനിടെ, യുക്രെയ്‌നും റഷ്യയും 25 വയസ്സിൽ താഴെയുള്ള യുദ്ധത്തടവുകാരെ ഇന്നലെ കൈമാറി. ഈ മാസം 2നു ഇസ്തംബൂളിൽ നടന്ന ചർച്ചയുടെ ഫലമായി ഇതിനകം ഇരുപക്ഷവും 1200 തടവുകാരെ വീതം കൈമാറിയിട്ടുണ്ട്.
© Copyright 2024. All Rights Reserved