
ന്യൂഡൽഹി • പശ്ചിമേഷ്യൻ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ ദൃഢമാകുന്ന സാഹചര്യത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) അജിത് ഡോവൽ ചൊവ്വാഴ്‌ച സൗദിയിലെത്തി. മേഖലയിൽ ഗാസ സമാധാന പദ്ധതി നിർണായക ഘട്ടത്തിലെത്തി നിൽക്കുമ്പോൾ ഡോവലിന്റെ സന്ദർശനത്തിനു വലിയ പ്രാധാന്യമാണുള്ളത്. ഇതിനു പുറമേ ഇറാൻ-യുഎസ് യുദ്ധസമാന സാഹചര്യത്തിൽ ഡോവലിന്റെ സന്ദർശനം ഏറെ ശ്രദ്ധയാകർഷിക്കുന്നുണ്ട്. ഡപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവി പവൻ കപൂർ ഇറാൻ സന്ദർശിച്ചു 5 ദിവസം കഴിയുമ്പോഴാണ് ഡോവൽ സൗദിയിലെത്തിയത്.
സർക്കാർതലത്തിൽ ഡോവലിൻ്റെ സൗദി സന്ദർശനത്തിനു ഔദ്യോഗിക അറിയിപ്പുകൾ ഒന്നും നൽകിയിരുന്നില്ല. എന്നാൽ സൗദിയിലെത്തിയപ്പോൾ ഡോവലിനെ വിമാനത്താവളത്തിൽ സൗദി ഡപ്യൂട്ടി മന്ത്രിയു ം ഇന്ത്യൻ പ്രതിനിധിയും ചേർന്നു സ്വീകരിച്ചതായി റിയാദിലെ ഇന്ത്യൻ എംബസി സമൂഹമാധ്യമത്തിൽ പോസ്‌റ്റു ചെയ്‌തിരുന്നു. ഇതിലൂടെയാണ് ഡോവലിന്റെ യാത്രയെക്കുറിച്ച് പുറംലോകം അറിഞ്ഞത്.
അടുത്തിടെ പാക്കിസ്‌ഥാനുമായി സൗദി തന്ത്രപ്രധാന പ്രതിരോധ കരാറിൽ ഏർപ്പെട്ടിരുന്നു. ഇതിനു ശേഷം സൗദി അറേബ്യ സന്ദർശിക്കുന്ന മുതിർന്ന ഇന്ത്യൻ പ്രതിനിധിയാണ് ഡോവലെന്നതും ഈ യാത്രയ്ക്ക് കൂടുതൽ ശ്രദ്ധ നൽകുന്നുണ്ട്. സൗദി -പാക്ക് കരാറിനു പിന്നാലെ മറ്റൊരു അറബ് രാജ്യമായ യുഎഇ ഇന്ത്യയുമായി പ്രതിരോധ പങ്കാളിത്തത്തിനു തയാറായിരുന്നു.
















© Copyright 2025. All Rights Reserved