മോശം ആരോഗ്യ നിലയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ ആരോഗ്യ നില ഗുരുതരമായി തന്നെ തുടരുന്നു. തലച്ചോറിൽ രക്തം കട്ടപിടിച്ചുവെന്നും ശസ്ത്രക്രിയക്ക് വിധേയയമാക്കാൻ കഴിയാത്ത അവസ്ഥയിലാണ് കാംബ്ലിയുളളതെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ഇന്നലെ രാത്രിയാണ് താനെയിലെ അകൃതി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ മുൻ താരത്തെ പ്രവേശിപ്പിച്ചത്. ആരോഗ്യ നിലയിൽ പറയത്തക്ക പുരോഗതിയില്ലെന്നും അപകട നില താരം ഇത് വരെ തരണം ചെയ്തിട്ടില്ലെന്നും താരത്തിന് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുമെന്നും വാർത്താ കുറിപ്പിൽ ആശുപത്രി അധികൃതർ പറഞ്ഞു.
-------------------aud------------------------------
വർഷങ്ങളായി വിവിധ ആരോഗ്യ പ്രശ്‍നങ്ങളിലാണ് വിനോദ് കാബ്ലിയുള്ളത്. ലഹരി ഉപയോഗവും വഴിവിട്ട ജീവിത ക്രമീകരണങ്ങളും താരത്തിന്റെ ആരോഗ്യത്തെ മോശമായി ബാധിച്ചിരുന്നു. തെറ്റുകൾ തിരുത്താൻ തയ്യാറാണെന്നും ഒരിക്കൽ കൂടി ലഹരിമുക്തി ചികിത്സക്ക് പോകാൻ താൻ താല്പര്യപ്പെടുന്നുവെന്നും പറഞ്ഞ് വിനോദ് കാബ്ലി ഈയിടെ രംഗത്തെത്തിയിരുന്നു.
ഓഗസ്റ്റിലാണ് ഇന്ത്യൻ മുൻ താരവും സച്ചിൻ ടെണ്ടുൽക്കറിന്റെ സുഹൃത്തുമായ വിനോദ് കാംബ്ലി പരസഹായമില്ലാതെ നടക്കാൻ ബുദ്ധിമുട്ടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായത്. കാംബ്ലിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന വാർത്തകൾ അന്ന് തന്നെ ഉയർന്നിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഒരു പൊതുവേദിയിൽ സച്ചിൻ തെണ്ടുൽക്കറിനൊപ്പവും കാംബ്ലിയെ കണ്ടിരുന്നു. ഇതോടെയാണ് കാംബ്ലി വാർത്തകളിൽ ഇടം പിടിച്ചു തുടങ്ങിയത്. ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിതാരങ്ങളായാണ് സച്ചിനെയും കാംബ്ലിയെയും കണ്ടിരുന്നത്. കരിയറിലെ ആദ്യ രണ്ടു മത്സരങ്ങളിൽ തുടർച്ചയായി സെഞ്ച്വറി നേടിയിരുന്നു കാംബ്ലി. പിന്നീട് സ്ഥിരതയില്ലാത്ത പ്രകടനങ്ങളെ തുടർന്നാണ് താരം ഇന്ത്യൻ ടീമിനു പുറത്താകുന്നത്. ഇന്ത്യയ്ക്കായി 17 ടെസ്റ്റുകളിലും 104 ഏകദിന മത്സരങ്ങളിലും കളിച്ചിട്ടുള്ള കാംബ്ലിയുടെ ക്രിക്കറ്റ് കരിയറിന് 2004ൽ അവസാനമായി. ക്രിക്കറ്റ് കരിയർ അകാലത്തിൽ അവസാനിപ്പിക്കേണ്ടി വന്ന വിനോദ് കാംബ്ലിക്ക് അതിനു ശേഷം വലിയ ശാരീരിക വെല്ലുവിളികൾ നേരിടേണ്ടി വന്നിരുന്നു. സാമ്പത്തിക തകർച്ചയിലുമായിരുന്നു മുൻ താരം.
ഇതിഹാസ ബാറ്റർ സച്ചിൻ ടെണ്ടുൽക്കറുടെ കളിക്കൂട്ടുകാരനും സഹ താരവുമാണ് ക്ലാംബി. ഇരുവരും ഈയടുത്ത് ആദ്യ പരിശീലകൻ രമാകാന്ത് അച്ചരേക്കറുടെ ഓർമ ദിനത്തിൽ ഒരേ വേദിയിൽ എത്തിയത് വലിയ വാർത്തയായിരുന്നു.
© Copyright 2024. All Rights Reserved