മൊഹാലി: ഏഴ് വർഷത്തെ നിയമ പോരാട്ടം ഫലം കണ്ടു. മുൻ സൈനികനായ 80കാരന് പെൻഷനും അരിയേഴ്സും അനുവദിച്ച് ഉത്തരവ്. മാസം തോറും പെൻഷനായി 16000 രൂപയും ഇതുവരെ നിഷേധിക്കപ്പെട്ട ആനുകൂല്യമായി 20 ലക്ഷം രൂപയും നൽകമണമെന്നാണ് ആംഡ് ഫോഴ്സ് ട്രൈബ്യൂണൽ സൈന്യത്തോട് ഉത്തരവിട്ടിരിക്കുന്നത്. നിലവിൽ 80 വയസ് പ്രായമുള്ള ഗുർപാൽ സിംഗിന്റെ 7 വർഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് തീരുമാനം എത്തുന്നത്.
5 സിഖ് റജിമന്റിലെ മുൻ സൈനികനായിരുന്നു ഗുർപാൽ സിംഗ്. ഖരാറിലെ അന്ധേരി സ്വദേശിയായ ഗുർപാൽ 1961 ഒക്ടോബർ 28നാണ് സൈന്യത്തിൽ ചേരുന്നത്. 1970 ഒക്ടോബർ 27ന് 9 വർഷത്തെ സേവനം പൂത്തിയാക്കി ഗുർപാൽ വിരമിക്കുകയായിരുന്നു. ഏഴ് വർഷത്തെ സ്ഥിരം നിയമം അല്ലെങ്കിൽ 8 വർഷത്തെ റിസർവ് സേവനം എന്ന വിഭാഗത്തിലാണ് ഗുർപാൽ സിംഗ് സൈന്യത്തിന്റെ ഭാഗമായത്. എന്നാൽ തസ്തിക ലഭ്യമല്ലെന്ന് വിശദമാക്കിയാണ് സൈന്യം ഗുർപാൽ സിംഗിന് പെൻഷൻ നിഷേധിച്ചത്.
ഇതിനെതിരെ 2018ലാണ് ഗുർപാൽ സിംഗ് മൊഹാലിയിലെ വിമരിച്ച സൈനികരുടെ തർക്ക പരിഹാര സമിതിയിൽ പരാതിയുമായി എത്തിയത്. ഈ പരാതിയാണ് ചണ്ഡിഗഡ് ആംഡ് ഫോഴ്സ് ഗ്രീവൻസ് സെൽ പരിഗണിച്ചത്. എന്നാൽ ജോലി ചെയ്തതിന്റെ രേഖകൾ ലഭ്യമല്ലെന്നായിരുന്നു സൈന്യം കേസിനെതിരെ ഉയർത്തിയ വാദം. ട്രൈബ്യൂണലിനെ സമീപിക്കാനെടുത്ത കാലതാമസം അടക്കം കേസിൽ വെല്ലുവിളിയായെങ്കിലും വിരമിച്ച സൈനികന്റെ ആവശ്യത്തോട് യോജിക്കുന്നതായാണ് അവസാന തീരുമാനം എത്തിയത്.
മുൻ സൈനികനെന്ന അംഗീകാരം ലഭിച്ചതാണ് കേസിലെ പ്രധാന നേട്ടമായി കാണുന്നതെന്നാണ് ഗുർപാൽ സിംഗ് ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. 20 ലക്ഷം രൂപയാണ് നിഷേധിക്കപ്പെട്ട ആനുകൂല്യമായി ഗുർപാൽ സിംഗിന് ലഭിക്കുക. ഇതിന് പുറമേ മാസം തോറും പെൻഷനും കുടുംബാംഗങ്ങൾക്ക് സൗജന്യ ചികിത്സയും ആർമി ക്യാൻറീൻ സൗകര്യം എന്നിവയും ഗുർപാൽ സിംഗിന് ലഭ്യമാകും.
© Copyright 2024. All Rights Reserved