വത്തിക്കാനിൽ ക്രിസ്മസിനോട് അനുബന്ധിച്ചുള്ള തിരുപ്പിറവി രംഗവും ക്രിസ്മസ് ട്രീയും അനാവരണം ചെയ്തു. തടാകത്തിന് നടുവിൽ മുക്കുവരുടെ ചെറുകുടിലിൽ ഉണ്ണിയേശുവും മാതാവും യൗസേപ്പിതാവും അടങ്ങുന്ന തിരുക്കുടുംബത്തിന് വാസസ്‌ഥലം ഒരുക്കിയും വള്ളത്തിൽ ഉണ്ണിയേശുവിനെ സന്ദർശിക്കാൻ വരുന്ന രാജാക്കന്മാരെയും അവതരിപ്പിച്ചാണ് ഇത്തവണ തിരുപ്പിറവി രംഗം മനോഹരമാക്കിയത്.
-------------------aud-------------------------------
അഡ്രിയാറ്റിക്ക് കടലിൽ വെനീസിനും ട്രിയസ്റെറക്കും ഇടയിലുള്ള തടാകക്കരയിലെ ഗ്രാഡോ നഗര നിവാസികളാണ് ദൃശ്യാവിഷ്ക്കാരത്തിൻ്റ നിർമിതിയ്ക്ക് സഹായിച്ചത്. ഇവിടെ ഏകദേശം 8,000 ആളുകളാണ് വസിക്കുന്നത്. ആൻഡ്രിയ ഡി വാൾഡർസ്റൈൻ ആണ് തിരുപ്പിറവി രംഗത്തിൻ്റെ ഡിസൈനറും കൺസ്ട്രക്ഷൻ മാനേജരും. ദൈവരാജ്യം സ്ഥഥാപിക്കാനായി ദൈവം ഭൂമിയിൽ ജനിച്ച ക്രിസ്മസിന്റെ മനോഹാരിത അടയാളപ്പെടുത്തുന്നതാണ് ദൃശ്യാവിഷ്ക്കാരമെന്ന് മാർപാപ്പ പറഞ്ഞു. അതേസമയം വത്തിക്കാൻ ചത്വരത്തിൽ സ്‌ഥാപിച്ച 29 മീറ്റർ ഉയരമുള്ള ഫിർ ക്രിസ്മസ് ട്രീ യേശു കേന്ദ്രസ്‌ഥാനത്തുള്ള സഭയുടെ പ്രതീകമാണെന്നും പാപ്പ കൂട്ടിച്ചേർത്തു. ക്രിസ്‌മസ് മോടിയാക്കാൻ വത്തിക്കാന്റെ വിവിധയിടങ്ങളിൽ പലസ്തീനിലെ കലാകാരന്മാർ നിർമിച്ച പുൽക്കുടുകളും സ്‌ഥാപിച്ചിട്ടുണ്ട്.
© Copyright 2024. All Rights Reserved