കഴിഞ്ഞ പത്തുദിവസമായി ഉത്തരാഖണ്ഡിലെ തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ദൃശ്യങ്ങൾ പുറത്ത്. തൊഴിലാളികൾക്ക് ഭക്ഷണ സാധനങ്ങൾ നൽകുന്നതിനായി ഇന്നലെ രാത്രി തകർന്ന അവശിഷ്‌ടങ്ങൾക്കിടയിലൂടെ ഘടിപ്പിച്ച ആറിഞ്ച് പൈപ്പിലൂടെ തുരങ്കത്തിനുള്ളിലേക്ക് അയച്ച എൻഡോസ്കോപ്പി ക്യാമറയാണ് തൊഴിലാളികളുടെ ദൃശ്യങ്ങൾ പകർത്തിയത്.
വോക്കി ടോക്കീസ് വഴി ചില തൊഴിലാളികളുമായി രക്ഷാപ്രവർത്തകർ സംസാരിച്ചു. രക്ഷാപ്രവർത്തകർ തൊഴിലാളികളോട് ക്യാമറയ്ക്ക് മുന്നിൽ വരാൻ ആവശ്യപ്പെടുന്നത് വീഡിയോയിൽ കാണാം. തൊഴിലാളികളുടെ ആരോഗ്യനില നിലവിൽ തൃപ്‌തികരമാണെന്നാണ് റിപ്പോർട്ട്. ഇന്നലെ ഗ്ലാസ് ബോട്ടിലുകളിൽ തൊഴിലാളികൾക്ക് കിച്‌ഡി നൽകിയിരുന്നു. കഴിഞ്ഞ പത്തു ദിവസത്തിനിടയിൽ തൊഴിലാളികൾക്ക് ആദ്യമായി ചൂടുള്ള ഭക്ഷണം ലഭിച്ചത് ഇന്നലെയായിരുന്നു. തൊഴിലാളികൾക്ക് മൊബൈലും ചാർജറുകളും പൈപ്പിലൂടെ അയക്കുമെന്ന് റെസ്‌ക്യൂ ഓപ്പറേഷൻ ഇൻ ചാർജ് കേണൽ ദീപക് പാട്ടീൽ പറഞ്ഞു.പ്രദേശത്തെ ഭൂപ്രകൃതിയും പാറകളുടെ സ്വഭാവവും ഉൾപ്പെടെ നിരവധി വെല്ലുവിളികൾ കാരണം കഴിഞ്ഞ ഒരാഴ്‌ചയായി, തൊഴിലാളികളെ രക്ഷിക്കാനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു.
കഴിഞ്ഞ ഞായറാഴ്‌ചയാണ് ഉത്തരകാശിയിലെ സിൽക്യാര മുതൽ ദണ്ഡൽഗാവ് വരെ നിർമിക്കുന്ന തുരങ്കത്തിൻ്റെ ഒരു ഭാഗം തകർന്നത്. തുരങ്കത്തിൻ്റെ പ്രവേശന കവാടത്തിൽ നിന്ന് 200 മീറ്റർ അകലെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്.
© Copyright 2023. All Rights Reserved