ബിജെപിക്കും സുരേഷ്ഗോപിക്കുമെതിരേ തൃശൂർ അതിരൂപത. തെരഞ്ഞെടുപ്പിൽ ജനങ്ങൾ മണിപ്പൂരിനെ മറക്കില്ലെന്നും മണിപ്പൂർ വിഷയത്തിലെ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യബോധമുള്ള ആർക്കും മനസിലാകുമെന്നും അതിരൂപത വിമർശിക്കുന്നു. അതിരൂപതാ മുഖപത്രത്തിലെ ലോഖനത്തിലാണ് വിമർശനം.
തൃശൂരിൽ പാർട്ടിക്ക് പറ്റിയ ആണുങ്ങളില്ലാത്തതു കൊണ്ടാണോ ആണാകാൻ തൃശൂരിലേക്ക് വരുന്നതെന്നാണ് സുരേഷ് ഗോപിക്ക് പരിഹാസം. മണിപ്പൂരിലും യുപിയിലും നോക്കിയിരിക്കേണ്ടെ അവിടെ കാര്യങ്ങൾ നോക്കാൻ ആണുങ്ങൾ ഉണ്ടെന്ന സുരേഷ്ഗോപിയുടെ പ്രസ്താവനക്കും മുഖപത്രത്തില്‍ വിമർശനമുണ്ട്. മണിപ്പൂർ കത്തിയെരിഞ്ഞപ്പോൾ ഈ ‘ആണുങ്ങൾ’ എന്തെടുക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രിയോട് ചോദിക്കാൻ ആണത്തമുണ്ടോയെന്നും ചോദ്യം.മറ്റ് സംസ്ഥാനങ്ങളിൽ ദുരന്തമുണ്ടാകുമ്പോൾ ഓടിക്കൊണ്ടിരുന്ന മോദി മണിപ്പൂരുലേക്ക് തിരിഞ്ഞു നോക്കിയില്ല. മണിപ്പൂരിനെ മറച്ചുപിടിച്ചുള്ള വോട്ട് തേടലിനെതിരേ ജനം ജാഗരൂകരാണ്. തെരഞ്ഞെടുപ്പിന് മുമ്പ് മതതീവ്രവാദികൾ എത്ര ചമഞ്ഞൊരുങ്ങിയാലും അവരെ വേർതിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ വോട്ടർമാർ പ്രകടിപ്പിക്കാറുണ്ടെന്നും തൃശൂർ അതിരൂപത മുന്നറിയിപ്പ് നല്‍കുന്നു.
© Copyright 2023. All Rights Reserved