
തെരുവുനായകളുടെ ആക്രമണങ്ങൾ വർധിക്കുന്ന വിഷയത്തിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരുകൾക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. ഈ വിഷയത്തിൽ സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാത്തതിനാണ് കോടതി അതൃപ്തി അറിയിച്ചത്. തെരുവുനായ നിയന്ത്രണത്തിൽ സംസ്ഥാനങ്ങൾ അനാസ്ഥ കാണിക്കുന്നുവെന്നും ഇത് രാജ്യത്തിന്റെ പ്രതിച്ഛായക്ക് കോട്ടം വരുത്തുന്നുവെന്നും കോടതി നിരീക്ഷിച്ചു. ചീഫ് സെക്രട്ടറിമാർ നവംബർ 3-നകം കോടതിയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നും അല്ലാത്തപക്ഷം കർശന നടപടിയുണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നൽകി. കേരളത്തിൽ തെരുവുനായ ആക്രമണങ്ങൾ വർധിക്കുന്നതും പേവിഷബാധ റിപ്പോർട്ട് ചെയ്യുന്നതും വലിയ സാമൂഹിക പ്രശ്‌നമായി മാറിയിരുന്നു. മൃഗാവകാശ പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും വ്യത്യസ്ത നിലപാടുകൾ കാരണം വിഷയത്തിൽ വ്യക്തമായ തീരുമാനമെടുക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തരമായി കർശന നടപടികൾ സ്വീകരിക്കാനാണ് സംസ്ഥാന സർക്കാർ ആലോചിക്കുന്നത്.
















© Copyright 2025. All Rights Reserved