ലക്നൗ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനോടേറ്റ തോല്‍വിക്ക് പിന്നാലെ ലക്നൗ സൂപ്പര്‍ ജയന്‍റ്സിനും ക്യാപ്റ്റൻ റിഷഭ് പന്തിനും കനത്ത പിഴ ചുമത്തി ബിസിസിഐ. കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരിലാണ് റിഷഭ് പന്തിനും ലക്നൗ ടീം അംഗങ്ങള്‍ക്കും കനത്ത പിഴ ചുമത്തിയത്.
ക്യാപ്റ്റന്‍ റിഷഭ് പന്ത് 30 ലക്ഷം രൂപയും ടീമിലെ ഇംപാക്ട് താരം അടക്കം പ്ലേയിംഗ് ഇലവനിലെ എല്ലാ അംഗങ്ങളും 12 ലക്ഷമോ മാച്ച് ഫീയുടെ 50 ശതമാനമോ ഏതാണ് കുറവ് ആ തുകയും പിഴയായി ഒടുക്കണമെന്നാണ് ബിസിസിഐ അച്ചടക്കസമിതി വിധിച്ചത്. സീസണില്‍ ഇത് മൂന്നാം തവണയാണ് കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ ശിക്ഷിക്കപ്പെടുന്നത് എന്നതിനാലാണ് പിഴത്തുക ഇത്രയും കൂടിയത്.
സീസണില്‍ മൂന്ന് തവണ ശിക്ഷിക്കപ്പെട്ടാല്‍ ഒരു മത്സര വിലക്ക് എന്ന മുന്‍ നിബന്ധന ഇത്തവണ എടുത്തു കളഞ്ഞതിനാല്‍ അടുത്ത സീസണിലെ ആദ്യ മത്സരത്തില്‍ റിഷഭ് പന്തിന് പുറത്തിരിക്കേണ്ടി വരില്ല എന്നത് മാത്രമാണ് ലക്നൗവിന്‍റെ ആശ്വാസം. ഐപിഎല്ലില്‍ മോശം ഫോമിലായിരുന്ന റിഷഭ് പന്ത് ആര്‍സിബിക്കെതിരായ അവസാന ലീഗ് മത്സരത്തില്‍ മൂന്നാം നമ്പറിലിറങ്ങി 61 പന്തില്‍ പുറത്താകാടെ 118 റണ്‍സടിച്ച് മികവ് കാട്ടിയിരുന്നു. സീസണില്‍ രണ്ടാം തവണയാണ് റിഷഭ് പന്ത് 50ല്‍ അധികം റണ്‍സ് നേടുന്നത്.
റിഷഭ് പന്തിന്‍റെ സെഞ്ചുറി മികവില്‍ ആദ്യം ബാറ്റ് ചെയ്ത ലക്നൗ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സടിച്ചെങ്കിലും ജിതേഷ് ശര്‍മയുടെയും(33 പന്തില്‍ 85*) വിരാട് കോലിയുടെയും (30 പന്തില്‍ 54) നാലു വിക്കറ്റ് നഷ്ടത്തില്‍ ആര്‍സിബി ലക്ഷ്യത്തിലെത്തി ആദ്യ ക്വാളിഫയറിന് യോഗ്യത നേടിയിരുന്നു.
© Copyright 2024. All Rights Reserved