
മനില ദക്ഷിണ ചൈനാക്കടലിൽ നങ്കുരമിട്ടിരുന്ന തങ്ങളുടെ കപ്പലിലേക്ക് ചൈനീസ് കപ്പൽ മനപൂർവം ഇടിപ്പിച്ചുവെന്ന ആരോപണവുമായി ഫിലിപ്പീൻസ്. ചൈനീസ് നാവികസേനാംഗങ്ങൾ ജലപീരങ്കി പ്രയോഗിച്ചുവെന്നും തങ്ങളുടെ കപ്പലിലേക്ക് ചൈനീസ് കപ്പൽ ഇടിച്ചുകയറ്റിയെന്നുമാണ് ഫിലിപ്പിൻസിൻ്റെ ആരോപണം. ഇരുരാജ്യങ്ങളും തമ്മിൽ തർക്കം നടക്കുന്ന ദക്ഷിണ ചൈനാക്കടലിലെ തിടു ദ്വീപിനരികെയായിരുന്നു സംഭവം. ജീവനക്കാർക്ക് ആർക്കും പരുക്കേറ്റിട്ടില്ല. എന്നാൽ കുട്ടിയിടിയുടെ പൂർണ ഉത്തരവാദിത്തം ഫിലിപ്പീൻസിനാണെന്നാണ് ചൈനയുടെ ഭാഷ്യം.
സർക്കാർ ഉടമസ്‌ഥതയിലുള്ള ബിആർപി ദതു പഗ്ബുവായ ഉൾപ്പെടെ മൂന്നു കപ്പലുകളാണ് ഫിലിപ്പീൻസിന്റെ നിയന്ത്രണത്തിലുള്ള ദ്വീപിനരികിൽ നങ്കുരമിട്ടിരുന്നതെന്ന് ഫിലിപ്പീൻസ് കോസ്‌റ്റ് ഗാർഡ് പറയുന്നു. പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട സർക്കാർ പരിപാടിയുടെ ഭാഗമായിട്ടായിരുന്നു ഇത്. അവിടെത്തിയ ചൈനീസ് കപ്പൽ, ബിആർപി ദതു പഗ്ബുവായയ്ക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. മൂന്നുമിനിറ്റിനു ശേഷം ചൈനീസ് കപ്പൽ, ഫിലിപ്പീൻസ് കപ്പലിലേക്ക് ഇടിപ്പിക്കുകയായിരുന്നു.
ഫിലിപ്പീൻസ് സർക്കാരിൻ്റെ രണ്ട് കപ്പലുകൾ മേഖലയിലേക്ക് അനധികൃതമായി പ്രവേശിച്ചുവെന്ന് ചൈന ആരോപിക്കുന്നു. ചൈനയുടെ കോസ്‌റ്റ് ഗാർഡ് കപ്പലിന് അരികിലേക്ക് ഫിലിപ്പീൻസ് കപ്പൽ അപകടരമായി വന്നുവെന്നും ചൈനീസ് കോസ്‌റ്റ്ഗാർഡ് പ്രസ്താവനയിൽ പറഞ്ഞു. ദക്ഷിണ ചൈനാക്കടലിന്റെ മുഴുവൻഭാഗവും തങ്ങളുടേതാണെന്നാണ് ചൈനയുടെ അവകാശവാദം. എന്നാൽ, ചൈനയുടെ അവകാശവാദങ്ങൾക്ക് സാധുതയില്ലെന്ന് 9 വർഷം മുൻപ് ഹേഗിലെ കോടതി പ്രഖ്യാപിച്ചിരുന്നു.
















© Copyright 2025. All Rights Reserved