മസ്കറ്റ്: ദുബൈ കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഒമാൻ സന്ദർശനം പൂർത്തിയായി. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി ശൈഖ് ഹംദാൻ കൂടിക്കാഴ്ച നടത്തി. അൽ ബർക്ക കൊട്ടാരത്തിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനും ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതും സംബന്ധിച്ച കാര്യങ്ങൾ ചർച്ചയായി. ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് പ്രയോജനം ചെയ്യുന്ന വിധത്തിൽ വിവിധ മേഖലകളിലെ പരസ്പര സഹകരണവും പങ്കാളിത്തവും ഉയർത്തുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു. ഒമാനിലെ ഉന്നത ഉദ്യോഗസ്ഥരുമായും ശൈഖ് ഹംദാൻ കൂടിക്കാഴ്ച നടത്തിയിരുന്നു.
ദുബൈയുടെ രണ്ടാമത് ഡെപ്യൂട്ടി ഭരണാധാകാരി ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പ്രസിഡന്റും ദുബൈ എയർപോർട്സിന്റെ ചെയർമാനും എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ്പിന്റെ ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം, ദുബൈ കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റിയുടെ ചെയർപെഴ്സൺ ശൈഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടങ്ങിയവരടങ്ങിയ ഉന്നത പ്രതിനിധി സംഘവും ശൈഖ് ഹംദാനെ അനുഗമിച്ച് ഒമാനിൽ എത്തിയിരുന്നു.
© Copyright 2024. All Rights Reserved