ദില്ലി: ജമ്മുവിലെ ദോഡാ മേഖലയിലെ 37 ടവർ ലൊക്കേഷനുകളിൽ താൽക്കാലികമായി ഇൻറർനെറ്റ് വിച്ഛേദിച്ചു. ജമ്മു കശ്മീർ പോലീസിന്റെ ശുപാർശ പ്രകാരമാണ് നടപടി. പൊതു സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നാണ് വിശദീകരണം. ഈ മാസം 27 വരെയാണ് നിരോധനം. രാജ്യവിരുദ്ധ ശക്തികൾ ഇൻറർനെറ്റ് സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നതായുള്ള വിവരത്തെ തുടർന്നാണ് നടപടിയെന്നാണ് സൂചന.
അതിനിടെ പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച പാക്കിസ്ഥാൻ സ്വദേശിയെ ഇന്ത്യൻ അതിർത്തി രക്ഷാ സേന വെടിവച്ച് കൊലപ്പെടുത്തി. പാക് അതിർത്തിയിൽ ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇദ്ദേഹം ഇന്ത്യൻ പ്രദേശത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ തന്നെ ബിഎസ്എഫ് ജവാന്മാർ മുന്നറിയിപ്പ് നൽകി. അതിർത്തി കടന്നുവരരുതെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നുഴഞ്ഞുകയറാൻ തന്നെ പാകിസ്ഥാൻ സ്വദേശി ശ്രമിച്ചു. ഇതോടെയാണ് ബിഎസ്എഫ് വെടിയുതിർത്തത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. നുഴഞ്ഞുകയറാൻ ശ്രമിച്ചത് പാക്കിസ്ഥാൻ ചാരനെന്നാണ് സേനയുടെ സംശയം.
© Copyright 2024. All Rights Reserved